തിരുവനന്തപുരം: നാഷണല്‍ കോളേജിലെ ആദ്യ ബിരുദ ദാനച്ചടങ്ങ് 23ന് രാവിലെ പതിനൊന്നു മണിക്ക് കോളേജില്‍ നടക്കും. 1995 ല്‍ കേരള സര്‍വകലാശാലയുടെ അഫലിയേറ്റില്‍ ആരംഭിച്ച കോളേജ് കഴിഞ്ഞ 29 വര്‍ഷമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമാണ്. 13 ഡിഗ്രി കോഴ്‌സുകളും 5 പി.ജി കോഴ്‌സുകളും ആയി 1400 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയം ഒരു മികവിന്റെ കേന്ദ്രമായി മാറുകയാണ്. 2021ല്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ഡോ വി.പി. ജോയ് തുടക്കം കുറിച്ച ‘ലേണിങ് ഈസ് ലൈഫ്’ എന്ന മെഗാ വിദ്യാര്‍ത്ഥി സൗഹൃദ പ്രോജെക്ട് വിദ്യാര്‍ത്ഥികളില്‍ അക്കാദമികവും സാമൂഹികവും തൊഴില്‍പരവും ആയ മേന്മയില്‍ എത്തിക്കുന്നതിന് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വരികയാണ്.
‘ഇന്‍സൈറ്റ് ഒ’ നാഷണല്‍ എന്ന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തിലെ മികച്ച വ്യക്തി ത്വങ്ങളുമായി അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കിടുവാനുള്ള അവസരങ്ങള്‍ ലഭിക്കുകയാണ്. സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ്, വൈസ് ചാന്‍സിലര്‍മാര്‍, മാനേജ്‌മെന്റ് എക്‌സ്‌പെര്‍ട്ട്‌സ്, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ മേധാവികള്‍ എന്നിവര്‍ അടക്കം ഒട്ടേറെ പ്രമുഖ വ്യക്തികള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയാണ്. ഈ പ്രോജക്ടിന്റെ ഭാഗമായി മൂന്ന് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. സിവില്‍ സര്‍വീസ് സപ്പോര്‍ട്ട് സെന്റര്‍, സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ്, സെന്റര്‍ ഫോര്‍ ആഡോണ്‍ കോഴ്‌സ്.
നാളെ നടക്കുന്ന കോണ്‍വൊക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ 50 ഓളം വിദ്യാര്‍ത്ഥികളെ മുന്‍ ചീഫ് സെക്രട്ടറി ഡോ വി.പി. ജോയ് ആദരിക്കും. ചടങ്ങില്‍ കേരളസര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ. (ഡോ.) എന്‍ ഗോപകുമാര്‍, ട്രസ്റ്റ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഇഖ്ബാല്‍ ഐ. പി. എസ് (Rtd.), കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍, വകുപ്പുമേധാവിമാര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.