തിരുവനന്തപുരം: അധ്യാപകർ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നവരാകണമെന്ന് വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കുരുവിള ജോസഫ് അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ ശാസ്ത്രസമ്മേളനത്തിൻ്റെ ഭാഗമായി ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിച്ച അനുഭവാധിഷ്ഠിത ശാസ്ത്ര ബോധനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളിൽ ജിജ്ഞാസയും ഉത്സാഹവും വളർത്തണമെന്ന് അധ്യാപകരോട് അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. പരീക്ഷകളിൽ വിജയിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, വിമർശനാത്മക ചിന്ത വികസിപ്പിക്കുന്നില്ല. നമുക്ക് വേണ്ടത് പ്രശ്നങ്ങൾ പരിഹരിക്കാനും ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും കഴിയുന്ന ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും സൃഷ്ടിക്കുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി രജിസ്ട്രാറും ഡീനുമാണ് പ്രൊഫ. കുരുവിള ജോസഫ്.
ഐഐടി ബോംബെ മുൻ പ്രൊഫസർ കുര്യൻ ഐസക് ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികൾ വായിക്കുക മാത്രമല്ല യഥാർത്ഥത്തിൽ ശാസ്ത്രം പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അറിവിനായുള്ള അന്വേഷണം അധ്യാപകർ സൃഷ്ടിക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ധ്യാപന രംഗത്തെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യയുടെ സാധ്യതകളപ്പറ്റി പ്രൊഫ. റിജി എൻ ദാസ് സംസാരിച്ചു. ഡോ.നീന തോമസ് സ്വാഗതവും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഡോ. ആദർശ് നന്ദിയും പറഞ്ഞു.