തിരുവനന്തപുരം : ശാസ്ത്രം വസ്തുനിഷ്ഠസത്യത്തെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന മാർഗ്ഗമാണ്, അത് കേവലം സിദ്ധാന്തം മാത്രമല്ല, പ്രയോഗവുമാണ്. ക്ലാസ്സ് റൂമിൽ പഠിക്കുന്ന ശാസ്ത്ര തത്വങ്ങൾ പുറത്ത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് തിരിച്ചറിയാൻ ശാസ്ത്ര വിദ്യാർത്ഥികൾക്ക് പോലും കഴിയാതെ പോകുന്നതായി ഡോ.വൈശാഖാൻ തമ്പി പറഞ്ഞു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി ശാസ്ത്രം ക്ലാസ് മുറിക്ക് പുറത്ത് എന്ന വിഷയത്തിൽ ടാഗോർ തീയേറ്ററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തെ സംബന്ധിക്കുന്ന അറിവ് വസ്തുനിഷ്ഠമാണ്. അത് രണ്ട് പേർക്ക് രണ്ടാകാൻ കഴിയില്ല കാരണം ഒരു സമയം സത്യം ഒന്നേയുള്ളൂ. സിദ്ധാന്താവും പ്രയോഗവും തമ്മിൽപൊരുത്തക്കേട് വർധിച്ചു വരുന്നകാലമാണിത്. തത്വങ്ങൾ യഥാർത്ഥ ജീവിതത്തിൽ എങ്ങനെ പ്രയോഗിക്കുന്നുവെന്നതാണ് പ്രധാനം. അതിൽ നമ്മൾ പരാജയപ്പെടുന്നു. എന്തു കൊണ്ടാണ് ക്ലാസ്സ് റൂം ശാസ്ത്ര പഠനം ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാൻ കഴിയാത്തത്? നാം അറിഞ്ഞാലും ഇല്ലെങ്കിലും ശാസ്ത്ര തത്വങ്ങൾ നിത്യ ജീവിതത്തിലും പ്രകൃതി പ്രതിഭാസങ്ങളിലും നിരന്തരം സംഭവിക്കുന്നുണ്ട്. ശാസ്ത്ര ബോധം വളരുന്ന മുറയ്ക്ക് മാത്രമേ അന്ധവിശ്വാസങ്ങൾ അകറ്റി ഭൗതിക പ്രതിഭാസങ്ങളെ നേരിടാൻ മനുഷ്യസമൂഹത്തിന് പ്രാപ്തി കൈവരൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയിലെന്ന പോലെ ലോകത്തിന്റെ പ്രശ്നങ്ങൾക്കും പരിഹാരം ശാസ്ത്രത്തിലൂടെ മാത്രമാണ്. ശാസ്ത്ര ബോധം സർവ്വ മനുഷ്യർക്കും ഉണ്ടാകണമെന്നും വൈശാഖൻ തമ്പി ആവർത്തിച്ചു പറഞ്ഞു. ബ്രേക്ക് ത്രൂ ജില്ലാ പ്രസിഡൻ്റ് ഡോ. ആദർശ് അദ്ധ്യക്ഷത വഹിച്ചു.