മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2024 ൽ അഡ്മിഷൻ നേടിയ 87 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അക്കാഡമിക് ഡയറക്ടറും ബേബി മെമ്മോറിയൽ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളുമായ ഡോ. റോയ് കെ ജോർജ് മുഖ്യാതിഥി ആയിരുന്നു.
ആധുനിക നഴ്സിംഗ് കെയറിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഓർമ്മകൾക്ക് മുൻപിൽ ദീപം തെളിയിച്ചുകൊണ്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ അവരുടെ ക്ലിനിക്കൽ പഠനം തുടങ്ങുന്നത്. ത്യാഗത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും പരിചരണത്തിന്റെയും അറിവിന്റെയും പ്രതീകമായിട്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ ഈ ദീപസമർപ്പണത്തെ കാണുന്നത്.
ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ലിഡാ ആന്റണി, വൈസ് പ്രിൻസിപ്പാൾ രാമു ദേവി, ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ ഡോ. ലാൽ പ്രശാന്ത്. എം എൽ എന്നിവർ സംസാരിച്ചു.
2014 ൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിലെ പതിനൊന്നാമത്തെ ബാച്ചാണ് ഇപ്പോൾ ക്ലിനിക്കൽ പഠനത്തിലേക്ക് പ്രവേശിക്കുന്നത്.