കോഴിക്കോട്: ‘താനേ തിരിഞ്ഞും മറിഞ്ഞും തന്‍ താമരമെത്തയിലുരുണ്ടും’….. അപകടം സംഭവിച്ച് കിടപ്പിലായ സന്തോഷ് നടുവത്തൂര്‍ തന്റെ വേദനകളെല്ലാം മറന്ന് അമ്പലപ്രാവിലെ ഗാനം അതിമനോഹരമായി ആലപിക്കുകകയാണ്. സന്തോഷിനെപ്പോലെ ശാരീരിക അവശതകള്‍ കാരണം വീടുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടി വന്ന നിരവധി പേരാണ് പാട്ടുപാടിയും സന്തോഷം പങ്കുവെച്ചും ഒരിക്കല്‍ കൂടി ഒത്തു ചേര്‍ന്നത്. പാരാപ്ലീജിയ ബാധിതരുടെ സ്വതന്ത്ര കൂട്ടായ്മയായ ചേമഞ്ചേരി ഏയ്ഞ്ചല്‍ സ്റ്റാര്‍സിന്റെ പത്താം വാര്‍ഷികം ‘ചങ്ങാത്തപ്പന്തല്‍ 2023’ പങ്കെടുത്തവര്‍ക്കെല്ലാം അവിസ്മരണീയമായ അനുഭവമായി. പ്രായാധിക്യത്താല്‍ പ്രയാസപ്പെടുമ്പോഴും കിടപ്പിലായ മക്കളെ നോക്കാന്‍ ജീവിതം മാറ്റിവെച്ച മൂന്ന് അമ്മമാരെ ആദരിച്ചത് പരിപാടിയിലെ ശ്രദ്ധേയമായ നിമിഷമായി. രോഗബാധിതരായി വീല്‍ചെയറില്‍ ഒതുങ്ങിയ നിഷ കണ്ണന്‍കടവിന്റെ അമ്മ വത്സല, പുഷ്പ പൂക്കാടിന്റെ അമ്മ സരോജിനിയമ്മ, പ്രഭാകരന്‍ എളാട്ടേരിയുടെ അമ്മ മാധവിയമ്മ എന്നിവരെയാണ് ആദരിച്ചത്. ഇവരെ കലാഭവന്‍ സരിഗ പൊന്നാടയണിയിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം നാടക മത്സരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട നിള നൗഷാദ്, മണിദാസ് പയ്യോളി, സത്യനാഥന്‍ മാടഞ്ചേരി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ചേമഞ്ചേരി ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, പ്രദീപ് ബാലന്‍, കലാഭവന്‍ സരിഗ, മഹേഷ് മോഹന്‍ എന്നിവര്‍ അതിഥികളായെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുപതോളം പാരാപ്ലീജിയ ബാധിതര്‍ പങ്കെടുത്തു. നട്ടെല്ലിന്റെ വൈകല്യത്താല്‍ ശരീരത്തിനൊപ്പം ജീവിതവും തളര്‍ന്നുപോയ പാരാപ്ലീജിയ രോഗികള്‍ക്കായി ആരംഭിച്ചതാണ് ഏയ്ഞ്ചല്‍ സ്റ്റാര്‍സ്. ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയും അപകടത്തില്‍ പരിക്കേറ്റ് ജീവിതം വീല്‍ ചെയറിലായ പ്രഭാകരന്‍ എളാട്ടേരിയും ചേര്‍ന്ന് 2013 ഫെബ്രുവരിയിലാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുന്ന എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് പത്താം വര്‍ഷത്തിലേക്കെത്തിയ സംഘടന ഇന്ന് ഭിന്നശേഷിക്കാരുടെ വലിയൊരു കൂട്ടായ്മയായി മാറിയിട്ടുണ്ട്. പരിപാടിക്ക് ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രസിഡന്റ് പ്രഭാകരന്‍, സെക്രട്ടറി സാബിറ, ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, മധുലാല്‍ കൊയിലാണ്ടി, മണിദാസ് പയ്യോളി, ജയ നൗഷാദ്, ബിനേഷ് ചേമഞ്ചേരി, സത്യനാഥന്‍ മാടഞ്ചേരി, പ്രകാശന്‍, കോയ, മിനി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളും ഹ്യൂമണ്‍ റൈറ്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ മാജിക്ക് ഷോയും നടന്നു.