*സ്വതന്ത്ര എൽ പി യു പി സ്കൂളുകളിലെ അധ്യാപകരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം: കെജിപിഎച്ച്എസ്എ
കോഴിക്കോട് : മാർച്ച് 3 ന് ആരംഭിക്കുന്ന എസ് എസ് എൽ സി / പ്ലസ്ടു പരീക്ഷയ്ക്ക് സ്വതന്ത്ര എൽ പി – യു പി സ്കൂളുകളിലെ അധ്യാപകർക്ക് ഡ്യൂട്ടി നൽകരുതെന്ന് കെജിപിഎച്ച്എസ്എ കോഴിക്കോട് ജില്ല കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
പ്രൈമറി സ്കൂളുകളിൽ വാർഷിക മൂല്യനിർണയത്തിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ ഇത്തരം അധിക ചുമതലകൾ അധ്യയനം തകിടം മറിക്കും. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ വിലയിരുത്തലിന് വിധേയമാക്കുന്ന പഠനോത്സവങ്ങൾ സ്കൂളുകളിൽ നടന്നു കൊണ്ടിരിക്കുകയാണ്. അധ്യയന വർഷാവസാന സമയത്തുള്ള മറ്റു നിരവധി പ്രവർത്തനങ്ങളിൽ മുഴുകേണ്ട അധ്യാപകരെ മറ്റു ജോലികൾക്ക് നിശ്ചയിക്കുന്നത് ആത്മഹത്യാപരമാണ്.
ഡ്യൂട്ടിയില്ലാത്ത ഹൈസ്കൂൾ-ഹയർ സെക്കണ്ടറി വിഭാഗം, അറ്റാച്ച്ഡ് സ്കൂളുകളിലെ പ്രൈമറി അധ്യാപകർ, ടീച്ചേഴ്സ് പൂൾ, ബി ആർ സി തുടങ്ങിയ വിഭാഗങ്ങളിലെ അധ്യാപകരെ അത്തരം ജോലികൾക്കായി പരിഗണിക്കണം.
അധികൃതർ എത്രയും പെട്ടെന്ന് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡൻ്റ് ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു., ജനറൽ സെക്രട്ടറി സാജന ജി നായർ, സംസ്ഥാന സെക്രട്ടറി ആർ ശ്രീജിത്ത്, അലി അശ്റഫ്, ടി കെ ജുമാൻ, ഇ സുനിൽകുമാർ , എം.പി. മുഹമ്മദ് അഷ്റഫ് സുജാത, കെ.സാജിത ,കെ കെ ഫൈസൽ, ആശാരേഖ , എന്നിവർ സംസാരിച്ചു