കോഴിക്കോട്: ഇസ്രയേല്‍ ഭീകരതയില്‍ ജനിച്ച മണ്ണില്‍ സ്വരൈമായി ജീവിക്കാന്‍ കഴിയാതെ നരകയാതനയനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് വേണ്ടി വെളളിയാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ ജന: സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവനയില്‍ പറഞ്ഞു.
സാമ്രാജ്യത്വ ശക്തികള്‍ ഇസ്‌റയേല്‍ ഭീകരതക്ക് കൂട്ടുനില്കുകയും വെള്ളവും വെളിച്ചവും ഭക്ഷണവും മരുന്നും വിലക്കപ്പെടുകയും ചെയ്ത് ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഢനങ്ങളനുഭവിക്കുന്ന ഫലസ്തീനികളുടെ മോചനത്തിനായി സര്‍വ ശക്തനോട് മനമുരുകി പ്രാര്‍ത്ഥിക്കുക. ജീവിക്കാനായി പൊരുതുന്ന ഫലസ്തീനികള്‍ക്ക് സമാധാന ജീവിതം സാധ്യമാക്കാന്‍ അല്ലാഹുവിന്റെ കാരുണ്യത്തിനായി ആത്മാര്‍ത്ഥമായി തേടുക. ശത്രുക്കളുടെ കരാള ഹസ്തങ്ങള്‍ നശിപ്പിക്കപ്പെട്ട് സ്വതന്ത്ര ഫലസ്തിനെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവാന്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനുഷ്യരെല്ലാം ഒറ്റക്കെട്ടായി ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടണമെന്നും സി.പി. ഉമര്‍ സുല്ലമി ആഹ്വാനം ചെയ്തു.