ഉയരുന്ന കുറ്റകൃത്യ പ്രവണതക്ക് മുഖ്യകാരണം ലഹരിവ്യാപനം; കർശന ഇടപെടൽ തേടി ഹൈക്കോടതിയിൽ ഐ.എസ്.എമ്മിന്‍റെ പൊതുതാല്പര്യ ഹരജി

Eranakulam

കൊച്ചി: സംസ്ഥാനത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വിധം ഉയർന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ തോതും യുവജങ്ങങ്ങൾക്കിടയിലെ ലഹരി വസ്തുക്കളുടെ വ്യാപനവും തടയാനായി കർശന സർക്കാർ ഇടപെടൽ തേടിക്കൊണ്ട് കേരള ഹൈക്കോടതിയിൽ പൊതുതാല്പര്യഹരജി ഫയൽ ചെയ്ത് കെ.എൻ.എം യുവജനവിഭാഗം ഐ.എസ്.എം (ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ).

വിദ്യാർഥികൾക്കിടയിൽ അധികാരികളുടെ പരിശോധനകൾ വെട്ടിച്ച് നടന്നുകൊണ്ടിരിക്കുന്ന ഡി.ജെ പാർട്ടികളും അനിയന്ത്രിത കൂട്ടായ്മകളും സംഘർഷങ്ങളിലും കൊലപാതകങ്ങളിലും വരെ ചെന്നെത്തുന്ന സാഹചര്യത്തെ രക്ഷിതാക്കളും പൊതുസമൂഹവും ഭീതിയോടെയാണ് നോക്കിക്കാണുന്നതെന്നും ലഹരിസംഘങ്ങളുടെ ഒളിസങ്കേതങ്ങളായി വിദ്യാർത്ഥി സമൂഹം നിർഭാഗ്യവശാൽ മാറുന്നു എന്നും ഹരജിയിൽ പറയുന്നു.

സംസഥാന സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും കേന്ദ്ര നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയെയും എക്സൈസ് കമ്മീഷണറെയും സംസഥാന പോലീസ് മേധാവിയെയും എതിർകക്ഷിയാക്കിയ ഹരജി അഡ്വ.മുഹമ്മദ് ദാനിഷ് കെ.എസ് മുഖേനയാണ് ഐ.എസ്.എം ഫയൽ ചെയ്തത്. സമൂഹനന്മ മുൻനിർത്തിയുള്ള ഇത്തരം ഇടപെടൽ യുവജനസംഘടന എന്ന നിലയിയിലുള്ള കർത്തവ്യമാണെന്നും ഹരജി അടുത്ത ദിവസം തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതിക്ക് മുൻപിലെത്തുമെന്നും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ, ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി എന്നിവർ അറിയിച്ചു.