ത്രിപുര യാത്രാവിവരണം: ധലൈ ജില്ലയും സജു വഹീദും

Travel

വി.ആര്‍.അജിത് കുമാര്‍ (എട്ടാം ഭാഗം)

പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങള്‍ അവിടെനിന്നും അംബാസയിലേക്ക് പുറപ്പെട്ടു.സജു വഹീദ് കളക്ടറായിരിക്കുന്ന ധലൈ ജില്ലയുടെ ആസ്ഥാനമാണ് അംബാസ.ഗോമതി വന്യജീവി സങ്കേതത്തിലൂടെയായിരുന്നു യാത്ര.കൃത്യമായ വേനലും ശരത്ക്കാലവുമുള്ള ത്രിപുരയില്‍ വാര്‍ഷിക മഴയളവ് കുറവാണ്.പുല്‍മേടുകള്‍ അധികമുള്ള ഇവിടത്തെ കാലാവസ്ഥ ഉഷ്ണമേഖല സവന്നയാണ്.കേരളത്തിലേത് ഉഷ്ണമേഖല മണ്‍സൂണും.289.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഗോമതി വന്യജീവി സങ്കേതത്തില്‍ ആനയും കാട്ടുപോത്തും സാംബാര്‍ മാനും കുരയ്ക്കുന്ന മാനും കാട്ടാടുമൊക്കെയുണ്ട്. വടക്കന്‍ ത്രിപുരയെ രണ്ടാക്കി അതില് നിന്നാണ് 1995 ല്‍ ധലൈ ജില്ല രൂപീകരിച്ചത്.അതരമുര,സഖാന്‍ മലനിരകള്‍ക്കിടയിലാണ് ധലൈ ജില്ല കിടക്കുന്നത്.എഴുപത് ശതമാനവും വനപ്രദേശമായ ഇത് ഒരു ആദിവാസി ജില്ലയാണ്.3,78,230 ജനങ്ങളുള്ള ധലൈയില്‍ 55.68 ശതമാനം ജനങ്ങളും ആദിവാസികളാണ്.16.31 ശതമാനം പട്ടികജാതിക്കാരും ബാക്കിയുള്ളവര്‍ ബംഗാളികളുമാണ്.ത്രിപുരി,റിയാംഗ്,കുക്കി,കൊളോയ്,ചക്മ എന്നീ വിഭാഗക്കാരാണ് ആദിവാസികളില്‍ അധികവും.അവിടവിടെയായി കാണുന്ന ആദിവാസി ഊരുകള്‍ ഒഴിച്ചാല്‍ പൊതുവെ വിജനമായ ഇടങ്ങളാണ് യാത്രയില്‍ കാണാനുണ്ടായിരുന്നത്. അരുവികളും, നദികളും, ഫലഭൂയിഷ്ഠമായ താഴ്‌വരകളും കൂടിച്ചേർന്ന, നിമ്നോന്ന ഭൂപ്രകൃതിയാണ് ഇവിടത്തേത്.ജില്ലയുടെ വടക്കും തെക്കും ബംഗ്ലാദേശാണ് അതിര്‍ത്തി.മുളങ്കൂമ്പും മലയിലെ പച്ചക്കറികളും ഉണക്ക മത്സ്യവും ഒട്ടലരിയുമാണ് പ്രധാന ഭക്ഷണം. ഇറച്ചിയും പ്രധാനമാണ്.അരിയും നെയ്യും ഉണക്കമുന്തിരിയും നട്ട്സും ഇഞ്ചിയും സവാളയുമിട്ടുണ്ടാക്കുന്ന അവാംങ് ബാങ്വിയാണ് ത്രിപുരികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം.മസാല ചേര്‍ന്ന ചിക്കനും പോര്‍ക്കും മീനും മുളംകുഴലില്‍ കയറ്റി കനലില്‍ ചുട്ടെടുക്കുന്ന ബാംബു ചിക്കന്‍,ബാംബു പോര്‍ക്ക്,ബാംബു ഫിഷ് എന്നിവ അടിപൊളി രുചിക്കൂട്ടുകളാണ്.ആദിവാസികളുടെ വിവാഹത്തിന് വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ വീട്ടുകാര്‍ക്കാണ് സ്ത്രീധനം നല്‍കുക.അതില്‍ പണവും കന്നുകാലികളും വീട്ടുപകണങ്ങളും ഉള്‍പ്പെടും.വധുവിന്‍റെ വീട്ടുകാര്‍ക്ക് ഒരംഗത്തെ നഷ്ടമാവുകയും വരന്‍റെ വീട്ടുകാര്‍ക്ക് ഒരംഗത്തെ ലഭിക്കുകയും ചെയ്യുന്നു എന്ന നിലപാടാണ് സ്ത്രീയുടെ മൂല്യം കൂട്ടുന്നത്. ഇത് ശരിയായ നിലപാടാണുതാനും.കൃത്യമായ ശ്രേണിയുള്ള ഭരണ സംവിധാനമാണ് ഓരോ ഗോത്രങ്ങള്‍ക്കുമുള്ളത്.അത് ഗ്രാമം മുതല്‍ ഗോത്രത്തലവന്‍ വരെ നീളുന്നു.

രണ്ട് മണിക്ക് ഞങ്ങള്‍ കളക്ടറേറ്റിലെത്തി സജുവിനെ കണ്ടു. നല്ല വൃത്തിയുള്ള ഓഫീസും കെട്ടിടവും.അതിനടുത്ത് തന്നെയാണ് വീട് .വീട്ടിലെത്തുമ്പോള്‍ ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. മനോഹരമായ പൂന്തോട്ടവും ചെറിയൊരു സ്വിമ്മിംഗ് പൂളും കളിസ്ഥലവും അടുക്കളത്തോട്ടവും ആദിവാസി കുടിലിന്‍റെ ഒരു മാതൃകയുമൊക്കെ പറമ്പിലുണ്ട്. ഇരുനില വീടിന്‍റെ താഴെയുള്ള വരാന്തയിലും ഉള്‍മുറിയിലും സജു വരച്ച ചിത്രങ്ങള്‍ കാണാം. കളക്ടറുടെ പ്രധാന ഹോബി ചിത്രം വരയാണ്.രാഷ്ട്രപതിയില്‍ നിന്നും 2023 ല്‍ ബസ്റ്റ് ഇലക്ട്രൊറല്‍ പ്രാക്ടീസ് പുരസ്ക്കാരം നേടിയിരുന്നു സജു. മുകളിലെ ഡൈനിംഗ് ഹാളിലെത്തി രുചികരമായ ഭക്ഷണം കഴിച്ചു.സജുവിന്‍റെ ഭാര്യ തസ്നിമിന്‍റെ സൂപ്പര്‍വിഷനില്‍ നാട്ടുകാരായ ജോലിക്കാരാണ് ഭക്ഷണമുണ്ടാക്കുന്നത്. മകന്‍ റയാനും മകള്‍ റയ്ച്ചുവും നല്ല സുഹൃത്തുക്കളായി. അങ്ങിനെ സായാഹ്നമായത് അറിഞ്ഞില്ല. തണുപ്പ് മെല്ലെ വന്നുമൂടുമ്പോഴേക്കും ആഘോഷത്തിന്‍റെ പ്രകാശം പരന്നു.ഓഫീസ് ജീവനക്കാരും സുഹൃത്തുക്കളുമെത്തി. ഖോവായ് കലക്ടര്‍ ചാന്ദ്നി ചന്ദ്രനും മകന്‍ മുകിലും വന്നിരുന്നു.ചാന്ദ്നി അങ്കമാലിക്കാരിയാണ്. ബാംബു ചിക്കനുള്‍പ്പെടെ ഭക്ഷണ വൈവിധ്യവും പാട്ടും കേക്ക് കട്ടിംഗും ഒക്കെയായി നിറഞ്ഞ സന്തോഷത്തിന്‍റെ നിമിഷങ്ങള്‍.✍️(തുടരും)