വി.ആര്‍.അജിത് കുമാര്‍ (ആറാം ഭാഗം)
നീര്‍മഹലില്‍ നിന്നും യാത്ര ചാബിമുറയിലേക്കായിരുന്നു.ബംഗ്ലാദേശ് അതിര്‍ത്തികളിലൂടെയായിരുന്നു യാത്ര.സോണാമുറ,മേലഘര്‍,മോഹന്‍ഭോഗ്,ജാംജുരി എന്നിവിടങ്ങളിലൂടെ ഞങ്ങള്‍ അമര്‍പൂരെത്തി.ഉദയ്പൂര്‍ അമര്‍പൂര്‍ റോഡ് വനത്തിലൂടെയാണ്.അവിടവിടെ ആദിവാസികളുടെ വീടുകള്‍ കാണാം. മുളയും തടിയും പുല്ലുമൊക്കെ ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകള്‍ അഗാധമായ കൊക്കകളുള്ള റോഡരുകുകളിലാണ് നില്‍ക്കുന്നത്. നാല് തൂണുകള്‍ക്കപ്പുറം നോക്കെത്താവിധമുള്ള ആഴമാണ്.വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെ നമുക്ക് തല കറങ്ങും.അവര്‍ അതിജീവിക്കുന്ന മനുഷ്യരാണ്.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെപോലെ തകര്‍ത്തുപെയ്യുന്ന ഇടമാണ് ത്രിപുര.മണ്‍സൂണ്‍ കാലത്ത് മാറിത്താമസിക്കുമായിരിക്കും എന്നു സമാധാനിച്ച് യാത്ര തുടര്‍ന്നു. കാടിന്‍റെ വന്യതയും നിശബ്ദതയും നമ്മെയും നിശബ്ദരാക്കുന്ന യാത്ര.ബുള്ളറ്റിന് പിറകിലിരിക്കുമ്പോള്‍ നാടിന്‍റെ വൈവിധ്യവും നഗരങ്ങളുടെ ആഡംബരവും കാട്ടിലെ ധ്യാനനിമീലമായ ശാന്തതയുമൊക്കെ മനസ്സില്‍ പലവിധ ചിന്തകളുണര്‍ത്തി. കഴിഞ്ഞ കുറേ ദിവസമായി വാര്‍ത്തകളൊന്നും നോക്കാറില്ല.അത് നല്‍കുന്ന സുഖം തീര്‍ച്ചയായും ഇവര്‍ക്കുമുണ്ടാകും. മിക്ക ആദിവാസികളുടെ കൈയ്യിലും മൊബൈലുകളുണ്ട്. അതവര്‍ക്ക് വലിയ ആശ്വാസമാണെന്നു തോന്നുന്നു. വാര്‍ത്തയൊന്നും കേള്‍ക്കാറില്ല, പാട്ടും സിനിമയും റീലുകളുമൊക്കെയാണ് അവര്‍ക്ക് താത്പ്പര്യമെന്ന് അപൂര്‍വ്വ പറഞ്ഞു.പകുതിയിലേറെ ഭൂമിയും വനമാണ്.മുള,ഈറ,പൈന്‍,ഗുര്‍ജന്‍,തേക്ക് തുടങ്ങിയവയാണ് പ്രധാന വനവൃക്ഷങ്ങള്‍.കുരങ്ങന്മാരുടെ വൈവിധ്യവും ഈ കാടുകളില്‍ കാണാം.
അമര്‍ മാണിക്യ രാജാവിന്‍റെ പേരിലാണ് അമര്‍പൂര്‍ അറിയപ്പെടുന്നത്. ഒരു ചെറിയ ഠൌണാണ് അമര്‍പൂര്‍.അവിടത്തെ സര്‍ക്യൂട്ട് ഹൌസില്‍ നിന്നും മീനും ചിക്കനും പന്നിയും കോളിഫ്ലവറുമൊക്കെ ഉള്‍പ്പെട്ട ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണത്തിന് നന്ദി പറഞ്ഞ് ഇറങ്ങി.പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അമര്‍ സാഗര്‍ തടാകത്തിനരുകിലാണ് സര്‍ക്യൂട്ട് ഹൌസ്.ഈ തടാകം ഇപ്പോള്‍ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.ഞങ്ങളുടെ യാത്ര വീണ്ടും വനത്തിലൂടെയായി. റോഡുകള്‍ പലയിടത്തും തകര്‍ന്നിട്ടാണുള്ളത്. കാര്‍ യാത്രയേക്കാള്‍ സുഖം ബുള്ളറ്റുയാത്രയാണ്, പ്രത്യേകിച്ചും ശരത്കാലത്ത്. ഗോമതി നദിയുടെ തീരത്ത് ഉയര്‍ന്ന കുത്തനെയുള്ള മലകളില്‍ കലാകാരന്മാര്‍ കൊത്തിയിട്ടുള്ള ശില്‍പ്പങ്ങളാണ് ചാബിമുറയെ പ്രസിദ്ധമാക്കുന്നത്. ഗോമതി നദിയിലൂടെ ബോട്ട് യാത്ര നടത്തിവേണം ഇത് കാണാന്‍. മഹിഷാസുര മര്‍ദ്ദിനി ദുര്‍ഗ്ഗയാണ് ഇതില്‍ പ്രധാനം.ഇരുപതടി ഉയരമുണ്ട് ദുര്‍ഗ്ഗ ശില്‍പ്പത്തിന്. ശിവനും വിഷ്ണുവും കാര്‍ത്തികേയനുമൊക്കെ ഇതിന് പുറമെയുണ്ട്. പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചവയാണ് ഈ ശില്‍പ്പങ്ങള്‍. കുത്തനെയുള്ള മലയുടെ വശത്തുനിന്ന് ഇത്ര സാഹസികമായി ശില്‍പ്പമുണ്ടാക്കിയ അജ്ഞാത കലാകാരന്മാരെ നമിച്ചുകൊണ്ടായിരുന്നു ബോട്ട് യാത്ര.അഗര്‍ത്തല നിന്നും 82 കിലോമീറ്ററും ഉദയ്പൂരില്‍ നിന്നും 30 കിലോമീറ്ററും അകലെയാണ് ചാബിമുറ. ഇളം ചന്ദന നിറമുള്ള ചെളിയും പാറയുമാണ് കുന്നിന്‍റെ അടിത്തറ.അതിന് മുകളില്‍ വൈവിധ്യങ്ങളുടെ കാടും. ബോട്ടില്‍ ഗോമതിയിലൂടെ നീങ്ങുമ്പോള്‍ വലതുവശത്താണ് ശില്‍പ്പങ്ങളുള്ള ചെങ്കുത്തായ പാറകള്‍. അത് കണ്ട് മുന്നോട്ടു പോകുമ്പോള്‍ ഒരിടത്ത് കാട് വകുന്ന് ഒരു വിള്ളല്‍ കാണാം. ഞങ്ങള് ആ കടവില്‍ ഇറങ്ങി കുറച്ച് അകത്തേക്ക് പോയി. അവിടെ പടികള്‍ കെട്ടിയിട്ടുണ്ട്. അതിലൂടെ വെള്ളം ഒഴുകി വരുന്നു. താഴെ പുഴയുടെ അടുത്ത് ഇരുമ്പ് ബഞ്ചുകളും പണിതിട്ടിട്ടുണ്ട്. ആദിവാസികള്‍ അവരുടെ ആഘോഷനാളുകളില്‍ ഇതുവഴി വന്ന് പുഴയില്‍ കുളിക്കുക പതിവാണ്. ഗോമതി നദിയിലൂടെയുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു.(തുടരും)