യാത്രാവിവരണം / വി.ആര്‍.അജിത് കുമാര്‍-ഭാഗം -2
അടിസ്ഥാന സൌകര്യങ്ങളുടെ പരിമിതി മൂലം പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാണ്.കമ്മ്യൂണിസ്റ്റ് കാലത്ത് പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാന്‍ കാര്യമായൊന്നും ചെയ്തില്ല എന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വലിയ തോതില്‍ പണം നിക്ഷേപിക്കുന്നു. അതിന്‍റെ പ്രതിഫലനം നഗരങ്ങളിലുണ്ട്. ഗ്രാമങ്ങള്‍ വേണ്ടവിധം കരകയറിയിട്ടില്ല. ഗ്രാമീണര്‍ കൃഷി ചെയ്ത് ജീവിക്കുന്നു. നെല്‍കൃഷിയാണ് പ്രധാനം.ഉരുളക്കിഴങ്ങും കരിമ്പും മെസ്റ്റയും പയറും പ്ലാവും പൈനാപ്പിളുമാണ് മറ്റു കൃഷികള്‍.ഇപ്പോള്‍ റബ്ബര്‍ കൃഷി വ്യാപകമായിട്ടുണ്ട്. മീനിന്‍റെയും പാലിന്‍റെയും ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ടാറ്റാ ട്രസ്റ്റ് കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നു. ആദിവാസികള്‍ മരങ്ങള്‍ വെട്ടിമാറ്റി തീയിടുകയും അവിടെ ഒരു നിശ്ചിതകാലം കൃഷി ചെയ്ത ശേഷം മറ്റൊരിടത്ത് ഇതാവര്‍ത്തിക്കുകയും ചെയ്യുന്ന ജും കള്‍ട്ടിവേഷനാണ് അനുവര്‍ത്തിച്ചുവന്നത്. ഇത് വ്യാപകമായ വനനാശത്തിന് ഇടയാക്കിയിരുന്നു. ആദിവാസികളെ ബോധവത്ക്കരിച്ച് ഇപ്പോള്‍ ഈ കൃഷിരീതിയില്‍ നിന്നും അവരെ മാറ്റിക്കൊണ്ടുവരികയാണ്. ജലസമൃദ്ധമായ സമതലങ്ങളിലെ ഓരോ വീടിനോട് ചേര്‍ന്നും കുളമുണ്ട്. മത്സ്യം അവരുടെ ഭക്ഷണത്തില് പ്രധാനമാണ്. തകരം കൊണ്ട് നിര്‍മ്മിച്ച വീടുകളാണ് ഗ്രാമത്തില്‍ കൂടുതലും. അത്തരം വീടുകള്‍ നിര്‍മ്മിക്കാന്‍ കാരണം ചിലവ് കുറവാണ് എന്നതാകാം. ഇത്തരം വീടുകളില്‍ ചൂടുകാലത്ത് ചൂടും തണുപ്പുകാലത്ത് തണുപ്പും നന്നായി അനുഭവപ്പെടും എന്നത് ഉറപ്പ്. അപൂര്‍വ്വമായി കല്ലുകെട്ടിയ വീടുകളും ഓടിട്ട വീടുകളും കാണാം. ശരിക്കും അറുപത്-എഴുപത് കാലത്തെ കേരളത്തെ ഓര്‍മ്മിപ്പിക്കും ഇപ്പോഴത്തെ ത്രിപുര. എന്നാല്‍ സാക്ഷരതയില്‍ വടക്കേ ഇന്ത്യയെക്കാളും ഏറെ മുന്നിലുമാണ്. 87.75 ശതമാനമാണ് സാക്ഷരത.
വികസന രംഗത്തെ തടസ്സങ്ങള്‍
പ്രകൃതി വാതകത്തിന്‍റെ നല്ലൊരു ശേഖരം ഇവിടുണ്ട്. എണ്ണ-പ്രകൃതി വാതക കോര്‍പ്പറേഷന്‍ കണക്ക് പ്രകാരം 400 ബില്യണ്‍ മീറ്റര്‍ പ്രകൃതി വാതകമാണുള്ളത്.ഇതില്‍ 16 ബില്യണ്‍ മീറ്റര്‍ വീണ്ടെടുക്കാന്‍ കഴിയും എന്നാണ് കണക്കാക്കപ്പെടുന്നത്.ഉയര്‍ന്ന കാര്യക്ഷമതയുള്ള ഗ്യാസ് ടര്‍ബൈന്‍ പവര്‍ പ്ലാന്‍റാണ് ഊര്‍ജ്ജദായകര്‍. റോഖിയ,ബാരാമുറ എന്നിവിടങ്ങളിലെ താപനിലയങ്ങളാണ് ഇവയില്‍ പ്രധാനം.പാലറ്റാനയിലെ ഓഎന്‍ജിസി ത്രിപുര പവര്‍ കമ്പനിക്കാണ് താപനിലയങ്ങളുടെ മേല്‍നോട്ടം. അധിക വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് കൊടുക്കാന്‍ കഴിഞ്ഞാല്‍ ത്രിപുര കൂടുതല്‍ സമ്പന്നമാകും.മാനവ വികസന സൂചികയില്‍ ത്രിപുര ഇപ്പോള്‍ ആറാം സ്ഥാനത്താണ്.
വടക്കു കിഴക്ക് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന ഏഴ് സുന്ദരികള്‍ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ത്രിപുര. ആസ്സാമിന് താഴെ ഒരു മുനമ്പുപോലെ നില്‍ക്കുന്ന ത്രിപുരയുടെ തെക്കും വടക്കും പടിഞ്ഞാറും ഭാഗത്ത് അതിര്‍ത്തിയാകുന്നത് ബംഗ്ലാദേശാണ്.കിഴക്കുഭാഗത്തായി ആസ്സാമും മിസ്സോറാമും അതിര്‍ത്തിയാകുന്നു. 10491 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ത്രിപുര ഏറ്റവും ചെറിയ സംസ്ഥാനങ്ങളായ സിക്കിമും ഗോവയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണുള്ളത്.ജനസംഖ്യ 3.67 ദശലക്ഷം മാത്രവും.പുരാണങ്ങളിലും അശോക ചക്രവര്‍ത്തിയുടെ ശാസനങ്ങളിലും ത്രിപുരയെ കുറിച്ച് പരാമര്‍ശമുണ്ട്.മലകളില്‍ കഴിയുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ കിരാതര്‍ എന്നാണ് ഇവരെ വിളിച്ചിരുന്നത്.ട്വിപ്ര രാജാക്കന്മാരാണ് അധികകാലവും ഭരിച്ചിരുന്നത്.ഉദയ്പൂരായിരുന്നു തലസ്ഥാനം.പതിനെട്ടാം നൂറ്റാണ്ടില്‍ കൃഷ്ണ മാണിക്യമാണ് തലസ്ഥാനം അഗര്‍ത്തലയിലേക്ക് മാറ്റിയത്. ഇന്ത്യ വിഭജനം ത്രിപുരയുടെ വികസനത്തെ നന്നായി ബാധിച്ചു. വിഭജനത്തിന് മുന്നെ കൊല്‍ക്കത്തയിലെത്താന്‍ 350 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയായിരുന്നു.ഇപ്പോള് 1700 കിലോമീറ്റര്‍ യാത്ര ചെയ്യണം.ആദ്യമൊന്നും റയിലും ഉണ്ടായിരുന്നില്ല.1853 മുതല്‍ അഗര്‍ത്തലയിലേക്കുണ്ടായിരുന്ന റയില്‍പാത വിഭജനത്തോടെ നഷ്ടമായി.1964 ല്‍ ആസാമിലെ ലുംഡിംഗില്‍ നിന്നും ധര്‍മ്മനഗറിലേക്കും കൈലാസഹാറിലേക്കും പാതയെത്തി.2008-09 ലാണ് അഗര്‍ത്തലയിലേക്ക് വീണ്ടും റയില്‍ വന്നത്.2016 ഓടെ ബ്രോഡ്ഗേജായി. ഇപ്പോള്‍ അഗര്‍ത്തലയില്‍ നിന്നും ഡല്‍ഹിക്കും കൊല്‍ക്കൊത്തയ്ക്കും ട്രയിനുണ്ട്.
(തുടരും…)