ത്രിപുര: ത്രിപുരസുന്ദരി ക്ഷേത്രം

Travel

യാത്രാവിവരണം/വി.ആര്‍.അജിത് കുമാര്‍ (ഭാഗം 4)

ത്രിപുരസുന്ദരി ക്ഷേത്രം പോകുംവഴിയിലാണ്. അവിടെ എത്തിയപ്പോള്‍ ആറുമണിയായി. ഒരു ചെറിയ ക്ഷേത്രമാണ്,എന്നാല്‍ ത്രിപുരയിലെ പ്രധാന ക്ഷേത്രവും ഇതുതന്നെയാണ്. ക്ഷേത്രത്തിന് ചുറ്റിലുമായി വലിയ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മ്മാണം നടക്കുകയാണ്. ഇന്ത്യയിലെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ത്രിപുരസുന്ദരി ക്ഷേത്രം. ദേവിയെ ആരാധിക്കുന്ന ഇടങ്ങളാണ് ശക്തിപീഠങ്ങള്‍.ഗോഹട്ടിയിലെ കാമാഖ്യ, കൊല്‍ക്കൊത്തയിലെ കാളിഘട്ട്,ഹിമാചലിലെ ജ്വാലാമുഖി തുടങ്ങിയവയാണ് പ്രധാന ശക്തിപീഠങ്ങള്‍.കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. ക്ഷേത്രത്തില് തൊഴുത് പുറത്തിറങ്ങി.ഒരു സന്ന്യാസിയും അന്‍പതിലേറെ ശിഷ്യഗണങ്ങളുമായി വന്ന് ദേവീമന്ത്രങ്ങളും പാട്ടുമൊക്കെ നടത്തി മടങ്ങിപോകുന്നത് കണ്ടു. ക്ഷേത്രത്തിലെ പ്രസാദമായ പേഡ കഴിച്ചു.നല്ല രുചി.

ത്രിപുര സുന്ദരി ക്ഷേത്രകുളം

1501 ല്‍ മഹാരാജ ധന്യ മാണിക്യ നിര്‍മ്മിച്ച ക്ഷേത്രമാണിത്. സമചതുരാകൃതിയിലുള്ള ശ്രീകോവിലും കോണിക്കലായ മകുടവുമാണ് ആകൃതി.ഹിമാചലിലും ഇത്തരം ക്ഷേത്രങ്ങള്‍ കാണാം. ഗോഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിനും ഏകദേശം ഇത്തരത്തിലുള്ള ആകൃതിയാണുള്ളത്. കാമാഖ്യയിലെ പോലെ ഇവിടെയും മൃഗബലി നടക്കാറുണ്ട്. ഈ പ്രദേശത്തിന്‍റെ യഥാര്‍ത്ഥ സൌന്ദര്യം ക്ഷേത്രത്തിന്‍റെ കിഴക്കായി ആറര ഏക്കറില്‍ നിറഞ്ഞു കിടക്കുന്ന കല്യാണ സാഗര്‍ എന്ന കുളമാണ്.കുളത്തില്‍ ആമകളും മത്സ്യങ്ങളും ധാരാളമായുണ്ട്. ഭക്തര്‍ ഇവര്‍ക്ക് ഭക്ഷണവും നല്കുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഞങ്ങള് ഉദയ്പൂര് ഗസ്റ്റ്ഹൌസിലേക്ക് പോയി. പുറത്തുനിന്ന് എന്തെങ്കിലും വാങ്ങണമോ എന്ന് അപൂര്‍വ്വ ചോദിക്കുന്നുണ്ടായിരുന്നു. അതെന്താണ് എന്ന് മനസിലായത് അയാളുടെ വാട്ട്സ് ആപ്പ് ഡിപി കണ്ടപ്പോഴാണ്. ഒരു മദ്യഷാപ്പില് നില്‍ക്കുന്ന ചിത്രമായിരുന്നു ഡിപി! ത്രിപുരയിലെ പുരുഷന്മാര്‍ പൊതുവെ നല്ല മദ്യപാനശീലമുള്ളവരാണ് എന്നും നിത്യവും കുടിക്കുന്നവരാണ് അധികവുമെന്നും അപൂര്‍വ്വ പറഞ്ഞു.ചോറും രോഹു മീന്‍ കറിവച്ചതും വറുത്തതും ചിക്കനും കോളിഫ്ലവര്‍ കറിയും ചേര്‍ത്ത് രുചികരമായ രാത്രിഭക്ഷണം കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. തണുപ്പും യാത്രാക്ഷീണവും മൂലം നല്ല ഉറക്കം കിട്ടി.

ത്രിപുരയിലെ ജനത

രാവിലെ എട്ടുമണിക്ക് നല്ലൊരു പ്രഭാതഭക്ഷണവും അവര്‍ ഒരുക്കിയിരുന്നു.പൂരിയും പരിപ്പുകറിയും പഴങ്ങളും പേഡയുമുണ്ടായിരുന്നു. പ്രകൃതി കുളിരണിഞ്ഞു നില്‍ക്കുകയാണ്.ചുറ്റാകെ മൂടല്‍ നിറഞ്ഞിരിക്കുന്നു.ഞങ്ങള്‍ നീര്‍മഹല്‍ കാണാനായി പുറപ്പെടുകയാണ്. ഗ്രാമങ്ങളിലൂടെയാണ് യാത്ര.തകരം കൊണ്ട് നിര്‍മ്മിച്ച വീടുകള്‍.അവയ്ക്ക് മുന്നില്‍ പുതച്ചു മൂടിയും തീകാഞ്ഞും അലസരായി നില്ക്കുന്ന മനുഷ്യര്‍.വീടുകളില്‍ പശുവും ആടും കോഴിയുമൊക്കെയുണ്ട്. വീടിനോട് ചേര്‍ന്ന് മീന്‍ വളര്‍ത്തുന്ന കുളവും. 1960-70 കാലത്തെ കേരളത്തില്‍ കാണുന്നപോലെ കാര്‍ഷിക മുന്‍തൂക്കമുള്ള ഇടങ്ങള്‍.അതിന്‍റേതായ ദുഖങ്ങളും ദുരിതങ്ങളും ഒപ്പം മിന്നിമായുന്ന സന്തോഷവുമൊക്കെ ആ മുഖങ്ങളില്‍ കാണാം. വലിയ വലിയ പ്രതീക്ഷകളില്ലാത്ത ജീവിതങ്ങള്‍. ആകെ ജനതയില്‍ എഴുപത് ശതമാനവും ബംഗാളികളാണ്.അവരില്‍ നല്ലൊരു പങ്കും 1947-51 കാലത്തും പിന്നീട് 1971 ലും കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും കുടിയേറിയ ഹിന്ദുക്കളും. ബാക്കി മുപ്പത് ശതമാനം അവിടെ നൂറ്റാണ്ടുകളായി വസിക്കുന്ന ആദിവാസികളാണ്. ഇവര്‍ പത്തൊന്‍പത് ആദിവാസി സമൂഹങ്ങളിലായി പടര്‍ന്നു കിടക്കുന്നു.അവരുടെ ഭാഷ, സംസ്ക്കാരം, ജീവിതരീതി, ഗോത്രാചാരം, വിശ്വാസങ്ങള്‍,നൃത്തം, പാട്ട്, സംഗീതോപകരണങ്ങള്‍ എല്ലാം വ്യത്യസ്തങ്ങളാണ്താനും.ഈ വൈവിധ്യങ്ങളും അവരുടെ കടുത്ത നിറമുള്ള വസ്ത്രങ്ങളുമൊക്കെ ത്രിപുര ജീവിതത്തെ സജീവമാക്കുന്ന ഘടകങ്ങളാണ്. 1941 ല്‍ ആകെ ജനതയുടെ 62.06 ശതമാനവും ത്രിപുരികളായിരുന്നു.ബംഗാളികളുടെ വരവോടെ 1951 ല്‍ ഇത് 48.65 ശതമാനവും 1971 ല്‍ 28.44 ശതമാനവുമായി. ബംഗാളി കുടിയേറ്റത്തെ തുടര്‍ന്ന് ആദിവാസികളും ബംഗാളികളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചു. അഗര്‍ത്തലയ്ക്കടുത്തുള്ള മഞാരി ഗ്രാമത്തില്‍ 1980 ല്‍ 250 ലേറെ ബംഗാളികള്‍ വധിക്കപ്പെട്ടു.പിന്നീടുണ്ടായ ഇടപെടലില്‍ സമാധാനം പുനസ്ഥാപിച്ചു.ഇപ്പോള്‍ ട്രൈബല്‍ ആട്ടോണോമസ് ഡിസ്ട്രിക്ട് കൊണ്‍സിലുണ്ട്.അവര്‍ക്ക് ആദിവാസി വികസനത്തില്‍ നിര്‍ണ്ണായകമായ അധികാരങ്ങളാണ് നല്‍കിയിട്ടുള്ളത്. കൈത്തറിയും തടി രൂപങ്ങളും മുള ഉത്പ്പന്നങ്ങളും ത്രിപുരയുടെ പ്രത്യേക കരകൌശല ഉത്പ്പന്നങ്ങളാണ്.

ത്രിപുര സുന്ദരി ക്ഷേത്രം

ബംഗാളിയും ഇംഗ്ലീഷും ആദിവാസികളില്‍ ഭൂരിഭാഗം സംസാരിക്കുന്ന കോക്ബോറോക്കുമാണ് ത്രിപുരയുടെ ഔദ്യോഗിക ഭാഷകള്‍.ത്രിപുരി വംശജരുടെ ഭാഷയായ കോക്ബോറോക്ക് ടിബറ്റോ-ബര്‍മ്മന്‍ ഭാഷയാണ്.പടിഞ്ഞാറന് ചൈനയിലെ യാങ്സി,ഹ്വാങ് ഹോ നദീതീരങ്ങളില് നിന്നും തിരിച്ച് ഹിമാലയത്തിലൂടെ സഞ്ചരിച്ച് ഇവിടെ കുടിയേറിയവരാണ് ആദിമ ത്രിപുരികള്‍.വംശീയമായി ഇവര്‍ ഇന്‍ഡോ മാംഗ്ലോയിഡുകളാണ്.ചക്മ,മര്‍മ്മ സമൂഹവും ഇതേ സ്വഭാവമുള്ളവരാണ്.വളവില്ലാത്ത കറുത്ത മുടിയും ഇടത്തരം നിറവും കണ്ണിന്‍റെ മേല്‍പോളയിലെ മടക്കുമെല്ലാം കിഴക്കനേഷ്യന്‍ ജനതയുമായുള്ള സാമ്യമാണ് നല്‍കുന്നത്.ത്രിപുരി വംശജരാണ് ഒരു കാലത്ത് ത്രിപുര ഭരിച്ചിരുന്നത്.ഇപ്പോഴും പ്രമുഖരായ പല വ്യക്തിത്വങ്ങളും ത്രിപുരികള്‍ക്കിടയിലുണ്ട്. ഗായകരും സംഗീത സംവിധായകരുമായ സച്ചിന്‍ ദേവ് ബര്‍മ്മനും രാഹുല്‍ ദേവ് ബര്‍മ്മനും ത്രിപുരി വിഭാഗക്കാരാണ്.

ത്രിപുരയിലെ ഭൂരിപക്ഷ ജനത ഹിന്ദുമത വിശ്വാസികളാണ്.6.4 ശതമാനം ക്രിസ്ത്യാനികളും നാല് ശതമാനം മുസ്ലിങ്ങളും ചെറിയ ശതമാനം ബുദ്ധമതക്കാരുമുണ്ട്.പോകുംവഴിയില്‍ കൊട്ടാരംപോലെയുള്ള ഒരു കെട്ടിടം കണ്ടു.ഇതാണോ നീര്‍മഹല്‍ എന്ന് സംശയിച്ചു.അത് ഉദയ്പൂര്‍ റയില്‍വേ സ്റ്റേഷനായിരുന്നു. 2016 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ലുംഡിംഗ്-സബ്റൂം സെക്ഷന്‍റെ ഭാഗമായ ഈ സ്റ്റേഷന്‍ ഇന്ത്യയിലെ മനോഹരമായ റയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. 2019 ഒക്ടോബറിലാണ് ഇവിടം അഗര്‍ത്തലയുമായി ബന്ധിപ്പിച്ചത്. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ഉദയ്പൂര്‍ സ്റ്റേഷന്‍ പണിതിട്ടുള്ളത്.✍️(തുടരും)