കൊച്ചി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഒരു സവിശേഷ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രവാസി യുവ വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇ ഉപപ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിൽ പങ്കെടുത്തു സംസാരിക്കുയായിരുന്നു ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിൽ ചെയർമാൻ കൂടിയായ അദീബ് അഹമ്മദ്.
അതിവേഗം വളരുന്ന ലോക സാഹചര്യങ്ങളിൽ നൂതനാശയങ്ങളും, സാങ്കേതിക വിദ്യയുടെ മുന്നേറ്റവും ശ്രദ്ധേയമാകുന്ന വേളയിൽ അതിനൊപ്പം മുന്നേറാൻ ഇരു രാജ്യങ്ങളുടേയും സഹകരണം സഹായകമാകും. എഐ, റോബോട്ടിക്സ് എന്നീ സാങ്കേതിക വിദ്യകളുടെ വികാസം വ്യാവസായിക രംഗത്ത് വേഗത്തിലുള്ള മാറ്റമാണ് സൃഷ്ടിക്കുന്നത്. ഈ രംഗങ്ങളിൽ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാനും സാധിക്കുമെന്നും അദീബ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയുടേയും, യുഎഇയുടേയും വ്യാവസായിക രംഗത്ത് നിരവധി പൊതു മാതൃകകൾ കാണുന്നുണ്ട്, കൂടുതൽ ഇന്ത്യൻ കമ്പനികൾ അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള ഒരു അടിത്തറയായി യുഎഇയെ ഉപയോഗിക്കുന്നതും, കൂടുതൽ യുഎഇ ആസ്ഥാനമായുള്ള സ്ഥാപനങ്ങൾ ഇന്ത്യയുടെ വിപണിയിലേക്ക് ഇറങ്ങുന്നതും പ്രതീക്ഷാപരമാണ്.
ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്റെ സന്ദർശന വേളയിൽ നടന്ന ഉന്നതതല പരിപാടികളുടെ ഭാഗമായി ദുബായ്-ഇന്ത്യ ബിസിനസ് ഫോറം, വ്യാപാരം, സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സഹകരണത്തിനുള്ള പുതിയ വഴികളും ചർച്ച ചെയ്തു.