കൊച്ചി: 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാചരിത്രത്തിലെ നാഴികക്കല്ലാണെന്നും സൂനഹദോസ് പ്രഖ്യാപനങ്ങള്‍ സഭയുടെ ആഗോളവളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.
1700 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിഖ്യാസൂനഹദോസിന്റെ പ്രസക്തി സഭയില്‍ ഇന്നും നിലനില്‍ക്കുന്നു. ക്രൈസ്തവ ലോകത്തെ ആദ്യപൊതുസമ്മേളനമായിട്ടാണ് എ.ഡി.325 മെയ് 20 മുതല്‍ ജൂലൈ 25 വരെ നടന്ന നിഖ്യസൂനഹദോസ് അറിയപ്പെടുന്നത്. അതിലുപരി ദൈവശാസ്ത്ര ചിന്തകള്‍ക്ക് ആരംഭംകുറിച്ചതും വിശ്വാസപ്രമാണം രൂപപ്പെട്ടതും കാനന്‍ നിയമങ്ങള്‍ക്ക് തുടക്കമായതും ഈ സൂനഹദോസിന്റെ തുടര്‍ച്ചയായിരുന്നു. സഭയുടെ വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ ശക്തമായ അടിത്തറ സൃഷ്ടിക്കുവാന്‍ സാധിച്ച നിഖ്യാസൂനഹദോസിന്റെ പ്രസക്തി ഭാരതസഭയിലും നിറഞ്ഞുനില്‍ക്കുന്നു.
മധ്യപൂര്‍വ്വദേശത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവ സമൂഹത്തിന്റെ സ്വാധീനവും പങ്കും എന്തായിരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് നിഖ്യാസൂനഹദോസ്. ഒരേ വിശ്വാസം അവകാശപ്പെടുന്നവരുടെയിടയിൽ പൂർണവും ദൃശ്യവുമായ ഐക്യം അനിവാര്യമാണ്. ആധുനിക കാലഘട്ടത്തില്‍ വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങള്‍ തമ്മില്‍ കൂടുതല്‍ ഒരുമയും സ്വരുമയും ഊട്ടിയുറപ്പിച്ച് പ്രാർത്ഥനയോടെ പ്രവര്‍ത്തനനിരതമാകണമെന്ന സന്ദേശമാണ് സൂനഹദോസിന്റെ 1700-ാം വാര്‍ഷികം നല്കുന്നതെന്നും ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുള്‍പ്പെടെ വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്മാര്‍ സൂനഹദോസ് വാര്‍ഷികത്തില്‍ പങ്കെടുക്കുന്നത് ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹത്തില്‍ പുത്തനുണര്‍വ്വും പ്രതീക്ഷയുമേകുന്നുമെന്നും വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.