പൂമ്പാറ്റ പൂങ്കാവനം ഒരുക്കി കുട്ടികൾ

Kozhikode

കോഴിക്കോട് : സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതി ‘വർണക്കൂടാര ‘ ത്തിൻ്റെ ഭാഗമായി ദർശനം ഗ്രന്ഥശാലയിൽ പൂമ്പാറ്റകൾക്ക് ഇരിപ്പിടം ഒരുക്കി. പ്രകൃതി സംരക്ഷണത്തിൽ പൂമ്പാറ്റകളുടെ പ്രാധാന്യം വിശദീകരിച്ച് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ പ്രോജക്ട് ഫെലോ ഡോ. മിതുൻ വേണുഗോപാൽ കുട്ടികളുമായി സംവദിച്ചു.

പ്രായോഗികതലത്തിൽ പൂമ്പാറ്റകൾക്ക് ഇരിപ്പിടം ഒരുക്കാൻ ആവശ്യമായ സസ്യങ്ങൾ ക്യാമ്പംഗങ്ങൾ തന്നെ ദർശനം പരിസരത്ത് നട്ടുപിടിപ്പിച്ചു. ബാലവേദി മെൻ്റർമാരായ പി ജസീലുദ്ദീൻ, പി തങ്കം, കുട്ടി പ്രതിനിധികളായ തിങ്കൾ, ധനജ്ഞയ് സിദ്ധാർത്ഥൻ, അലൻ, കീർത്തന, ടി വിഷ്ണു, എസ് കെ ദിയ, ഋഷികേശ്, ഫാത്തിമ ഹാദിയ, ആൻവ്യ എന്നിവർ നേതൃത്വം നല്കി. 21 ന് പ്രമുഖ പാവ നിർമ്മാണ വിദഗ്ധൻ കൃഷ്ണകുമാർ പാവകളും കഥകളുമായെത്തും. പ്ലാനെറ്റേറിയം സന്ദർശനം, ശാസ്ത്ര-സാങ്കേതിക പരിശീലനങ്ങൾ, ജലയറിവ്, മണ്ണറിവ്,കവിത ചൊല്ലാം,കഥ പറയാം തുടങ്ങി സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ കൂടി ലക്ഷ്യം വച്ചുള്ള പദ്ധതി 25 ന് സമാപിക്കും.

വിദേശ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള നാടൻ പാട്ട് – ഓടക്കുഴൽ കലാകാരനും മജീഷ്യനുമായ ബാലചന്ദ്രൻ കൊട്ടോടി (കാസർകോഡ്) സമാപന പരിപാടിക്ക് അതിഥിയായി എത്തും. പ്രമുഖ കവി പി കെ ഗോപി സമാപന പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ദർശനം സെക്രട്ടറി ടി കെ സുനിൽ കുമാറും സംഘാടക സമിതി ജനറൽ കൺവീനറും കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടറുമായ കൊല്ലറയ്ക്കൽ സതീശനും അറിയിച്ചു.