ബലിപെരുന്നാള്‍ ജീര്‍ണ്ണതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം: വിസ്ഡം

Kozhikode

കോഴിക്കോട് : സാമൂഹിക ജീര്‍ണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാള്‍ വിശ്വാസി സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി. കെ അശ്‌റഫ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

തിന്മകളോട് പ്രതികരിക്കാതിരിക്കുകയും, നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല. ഇത് സ്രഷ്ടാവിന്റെ പരീക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് നാം മനസ്സിലാക്കണം.

ഏകദൈവ വിശ്വാസമാണ് ഇസ്‌ലാമിന്റെ മൗലികത, വിശ്വാസ രംഗത്തെ ജീര്‍ണ്ണതകള്‍ ഗൗരവമായി കാണുകയും, വിമലീകരണം ലക്ഷ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ബാദ്ധ്യതയാണെന്നത് നാം വിസ്മരിക്കരുത്

സ്‌നേഹവും, സഹവര്‍ത്വിത്തവും, പങ്കുവെക്കലും സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാകണം. കടമകള്‍ വിസ്മരിക്കുകയും അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം പോരാടുകയും ചെയ്യുന്ന ഒരു സമൂഹത്തിന് പ്രശ്‌നങ്ങളെ അഭിമുഖീക രിക്കാനോ നില നില്‍ക്കാനോ കഴിയില്ല.

ഫാഷിസവും, ലിബറലിസവും സാമൂഹിക ജീവിതത്തില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വിശ്വാസത്തിന്റെ മൗലികതയില്‍ നിന്നുള്ള പ്രതിരോധം ഓരോരുത്തരുടെയും ബാദ്ധ്യതയാണെന്നത് നാം തിരിച്ചറിയണം.

പാലസ്തീന്‍ ജനതക്ക് നേരേ ഇസ്രാഈല്‍ നടത്തുന്ന വംശീയഹത്യ ലോകത്തെ തുല്യതയില്ലാത്ത ക്രൂരതയാണ്. നിരായുധരായ സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന ക്രൂരതക്കെതിരെ ലോക മനസാക്ഷിയുടെ മൗനവും അങ്ങേയറ്റം വേദനാജനകമാണെന്നും നേതാക്കള്‍ ഈദ് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.