കല്പറ്റ: കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം ഉത്സവമാക്കാന്‍ ഒരുങ്ങി വയനാട് ജില്ലാ മിഷന്‍. കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വര്‍ഷം ഒപ്പിയെടുക്കുന്ന കേളി 2023ന് ഫെബ്രുവരി 26ന് കല്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ തിരി തെളിയും. നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബ് അധ്യക്ഷത വഹിക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ നിര്‍വഹിക്കും. മാര്‍ച്ച് 5 വരെ നീണ്ടു നില്‍ക്കുന്ന കുടുംബശ്രീ മഹോത്സവത്തില്‍ വിവിധ സെമിനാറുകള്‍, ഉല്‍പന്ന പ്രദര്‍ശന വിപണന മേള, തൊഴില്‍ മേള, ഗോത്ര മേള, ബാലോത്സവം, സംരംഭക സംഗമം, ജെന്‍ഡര്‍ ഫെസ്റ്റ്, കലാ സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയ അരങ്ങേറും.
കേളി 2023നോടനുബന്ധിച്ച് കല്പറ്റയുടെ വൈകുന്നേരങ്ങളെ ഇശല്‍ നിലാവും, നാടന്‍ പാട്ടുകളും, ബാംബൂ മ്യൂസികും കൊണ്ട് അലങ്കരിക്കും. ഓരോ ദിവസവും കുടുംബശ്രീയുടെ സംഘടന ശാകതീകരണം, കൃഷി, ജെന്‍ഡര്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയില്‍ ഊന്നിയ സെമിനാറുകള്‍ നടക്കും.
ജില്ലയിലെ വിവിധ സിഡിഎസ്സ്‌കളില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ സംരഭങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നതിനും കുടുംബശ്രീയുടെ വൈവിധ്യത്തെ പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും കേളി 2023 വഴിയൊരുക്കും.
കേളിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ മുള്ളന്‍കൊല്ലി ചാമ്പ്യന്‍മാര്‍ ആയി. പൂതാടി രണ്ടാം സ്ഥാനം നേടി