മലപ്പുറം: സമസ്തയില്‍ നുഴഞ്ഞു കയറാന്‍ സി പി എം ശ്രമമെന്ന് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി. സമസ്ത സി ഐ സി വിവാദത്തിന് രാഷ്ട്രീയ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയില്‍ നുഴഞ്ഞു കയറാന്‍ സി പി എം ശ്രമിക്കുന്നതായി സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫൈസി പറഞ്ഞത്.
‘പ്രതിസന്ധികള്‍ മറികടക്കാന്‍ സാദിഖ് അലി തങ്ങള്‍ക്ക് ശേഷിയുണ്ട്. സമസ്ത നേതൃത്വം നിര്‍ദ്ദേശിച്ചതെല്ലാം അനുസരിച്ചിട്ടും സി ഐ സിയെ പിന്തുടര്‍ന്ന് ദ്രോഹിക്കാന്‍ ചിലര്‍ തുനിഞ്ഞിറങ്ങിയിട്ടുണ്ട്. അതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട് എന്നാണ് കരുതുന്നത്.
സമസ്തയില്‍ നുഴഞ്ഞു കയറാന്‍ സി പി എമ്മിനു വേണ്ടി ശ്രമമുണ്ട്. മുന്‍കാലങ്ങളിലില്ലാത്ത വിധം ലീഗ് നേതാക്കളെ നിയന്ത്രിക്കാന്‍ സമസ്തയിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങന്മാരുടെ കാലത്ത് സമസ്തയിലോ സമുദായത്തിലോ വലിയൊരു കുഴപ്പമുണ്ടാകുമെന്ന് കരുതുന്നില്ല. പ്രതിസന്ധി മറികടക്കാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.