തൃശൂരിന് കലാകിരീടം; ഇരുപത്തഞ്ച്‌ വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ്

Kerala

തിരുവനന്തപുരം: 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
1008 പോയിന്റ് നേടി തൃശൂർ ജില്ല 25 വർഷങ്ങൾക്ക് ശേഷം കലാകിരീടം സ്വന്തമാക്കി. 1999-ലാണ് അവസാനമായി ജില്ല കിരീടം ചൂടിയത്. ഇത് ആറാം തവണയാണ് തൃശൂർ വിജയികളാകുന്നത്.

1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകൾ. ആതിഥേയരായ തിരുവനന്തപുരം 957 പോയിൻ്റുമായി എട്ടാം സ്ഥാനക്കാരായി.

തൃശ്ശൂരും പാലക്കാടും ഹൈസ്കൂൾ വിഭാഗത്തിൽ 482 പോയിൻ്റുമായി ഒന്നാമതെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ 526 പോയിൻ്റുമായി തൃശൂരാണ് ഒന്നാമത്. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകൾ 95 പോയിൻ്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. അതേസമയം ഹൈസ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽ കാസർഗോഡും മലപ്പുറവും പാലക്കാടും 95 പോയിൻ്റുമായി ഒന്നാമതെത്തി.

സ്കൂളുകളിൽ പാലക്കാട് ജില്ലയിലെ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 171 പോയിൻ്റുമായി ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ 116 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുമെത്തി. 106 പോയിൻ്റുമായി മാനന്തവാടി എം.ജി.എം ഹയർ സെക്കന്ററി സ്കൂളാണ് മൂന്നാമത്.