വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിള്‍ നല്‍കി ശബരി ചാരിറ്റബിള്‍ ട്രസ്റ്റ്

Malappuram

മണ്ണാര്‍ക്കാട്:ശബരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്തു. സൈക്കിള്‍ വിതരണ ഉദ്ഘാടനം തമിഴ് നടന്‍ ജയം രവി നിര്‍വ്വഹിച്ചു.

കുട്ടികളിലെ കായികശേഷി വര്‍ധിപ്പിച്ച് ഊര്‍ജസ്വലരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ശമ്പരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. ശശികുമാര്‍ പറഞ്ഞു. ട്രസ്റ്റിന്റെ കീഴിലുള്ള പുലാപ്പറ്റ ശബരി എംവിടി സെന്‍ട്രല്‍ യുപി സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിളയന്‍ചാത്തന്നൂരിലെ ശബരി വിഎല്‍എന്‍എം യുപി സ്‌കൂള്‍, കല്ലുവഴിയിലെ ശബരി എയുപി സ്‌കൂള്‍, കാരക്കുരിശ്ശിലെ ശബരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശബരി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പുതിയതായി ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കുമായി 2031 സൈക്കിളുകളാണ് വിതരണം ചെയ്തത്.

ചടങ്ങില്‍ ശബരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള പുലാപ്പറ്റയിലെ ശബരി എംവിടി സെന്‍ട്രല്‍ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്‍ ജയറാം നിര്‍വഹിച്ചു. പുതിയ കെട്ടിട സമുച്ചയത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സ്‌കൂളിലെ ഭക്ഷണശാല ശബരി ഗ്രൂപ്പ് ചെയര്‍മാന്‍ പി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗ ഹാളിന്റെ ഉദ്ഘാടനം പാര്‍വതി ജയറാം നിര്‍വഹിച്ചു. ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്‌കൂള്‍ മുന്‍ മാനേജര്‍ ഇന്ദിര തമ്പാട്ടി, സ്‌റ്റേഡിയം ചെര്‍പ്പുളശ്ശേരി എഇഒ പി.എസ്. ലത, ഇന്‍ഡോര്‍ ഗെയിംസ് ഷെല്‍റ്റര്‍ മാളവിക ജയറാം, ക്ലോക്ക് ടവര്‍ വാര്‍ഡ് മെമ്പര്‍ എം.എന്‍. വേണുഗോപാലന്‍, അടുക്കളത്തോട്ടം പിടിഎ പ്രസിഡന്റ് ഒ.പി. രാജേഷ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുന്‍ മാനേജര്‍മാരെയും അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കൂള്‍സ് മാനേജര്‍ പി. മുരളീധരന്‍, ശബരി എംവിടി സെന്‍ട്രല്‍ യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.എന്‍. രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന ഫെയ്ത്ത് ഇന്ത്യ സ്‌പെഷ്യല്‍ സ്‌കൂളിലെ സഹര്‍ഷം 2023 പരിപാടിയിലും ജയറാമും പാര്‍വതിയും മകള്‍ മാളവിക ജയറാമും ജയം രവിയും പങ്കെടുത്തു.

2000ലാണ് ശബരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ആദ്യ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നു തന്നെ സ്‌കൂള്‍ കുട്ടികള്‍ക്കായി ബസ് സര്‍വ്വീസ് സൗജന്യമായി നല്‍കിയിരുന്നു. ഇതിന് പുറമേ സൗജന്യ ഉച്ചഭക്ഷണം, യൂണിഫോം, പുസ്തകം എന്നിവയും മാനേജ്‌മെന്റ് നല്‍കിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *