തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പേര് ചേര്‍ക്കാന്‍ ‘ലീപ്’ (ലോക്കല്‍ ബോഡി ഇലക്ഷന്‍ അവയര്‍നസ് പ്രോഗ്രാം) പദ്ധതിയുടെ ഭാഗമായി എന്റോള്‍മെന്റ് ചലഞ്ചുമായി ജില്ലാ ഭരണകൂടം. ജനാധിപത്യബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്ന ഇടമാക്കി ക്യാമ്പസുകളെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് യോഗ്യരായ എല്ലാ വിദ്യാര്‍ഥികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്ന വെല്ലുവിളി ഏറ്റെടുക്കുന്ന കോളേജുകള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കും.
2025 ജനുവരി ഒന്നിനോ അതിനു് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹത. യോഗ്യരായ എല്ലാ വിദ്യാര്‍ഥികളും ആഗസ്റ്റ് 7നകം പേര് ചേര്‍ത്തിട്ടുണ്ടെന്ന് കോളേജുകള്‍ ഉറപ്പാക്കണം.
സമയബന്ധിതമായി 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കുന്ന കോളേജുകള്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം
വിദ്യാര്‍ഥികളുടെ പേര്, ലോക്കല്‍ ബോഡി, വാര്‍ഡ് നമ്പര്‍, പാര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നീ
വിവരങ്ങള്‍ leapkozhikode@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കണം.
വിദ്യാര്‍ഥികളില്‍ പൗരാവബോധം വളര്‍ത്താനും ജനാധിപത്യമൂല്യങ്ങളിലൂന്നി സമൂഹത്തെ മാതൃകാപരമായി മുന്നോട്ട് നയിക്കാനും അതുവഴി സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും ക്യാമ്പസുകളെ പ്രാപ്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു.