കോഴിക്കോട്: നഗരത്തില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതില്‍ പ്രതിഷേധിച്ച് ലോറി പാര്‍ക്കിംഗ് സംരക്ഷണ സമിതി സമരത്തിനൊരുങ്ങുന്നു. അടുത്ത മാസം ചേരുന്ന സമരസമിതി യോഗത്തില്‍ സമരത്തെക്കുറിച്ചുള്ള അന്തിമ തീരുമാനമുണ്ടാകുമെന്ന് ലോറി പാര്‍ക്കിംഗ് സംരക്ഷണ സമിതി അധികൃതര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞ ലോറി സ്റ്റാന്‍ഡ് എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
വലിയങ്ങാടിയിലും പരിസരത്തും എത്തുന്ന ലോറികള്‍ നിര്‍ത്താന്‍ സൗകര്യമില്ലാത്തതിനാല്‍ ഏറെ പ്രയാസമനുഭവിക്കുകയാണ് ജീവനക്കാരും ഉടമകളും വ്യാപാരികളും. ജില്ലയിലെ മുഴുവന്‍ ലോറി ഉടമകളെയും ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് വലിയ സമരത്തിന് ഒരുങ്ങുകയാണ് സംരക്ഷണ സമിതി.
1968ല്‍ പി കുട്ടികൃഷ്ണന്‍ നായര്‍ മേയറായിരിക്കെ ഗതാഗതമന്ത്രി ഇ കെ ഇമ്പിച്ചിബാവ ഉദ്ഘാടനം ചെയ്ത ലോറി സ്റ്റാന്‍ഡിലേക്ക് ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ലോറികളാണ് ഇപ്പോഴെത്തുന്നത്. മതിയായ സൗകര്യത്തോടുകൂടിയ പാര്‍ക്കിംഗ് സ്റ്റാന്‍ഡ് നിര്‍മിച്ചു നല്‍ണമെന്നാണ് സംരക്ഷണ സമിതിയുടെ ആവശ്യം. അതേസമയം ലോറി പാര്‍ക്കിംഗിന് വെള്ളയില്‍ ഭാഗത്ത് സൗകര്യമൊരുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി വലിയങ്ങാടി കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ പറയുന്നു. എന്നാല്‍ ചര്‍ച്ചകളല്ലാതെ വേണ്ട നടപടികള്‍ കോര്‍പ്പറേഷന്‍ കൈക്കൊള്ളുന്നില്ലെന്നാണ് ലോറി ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സീസ് യൂണിയന്‍ (സി ഐ ടി യു) ജനറല്‍ സെക്രട്ടറിയും ലോറി പാര്‍ക്കിംഗ് സംരക്ഷണ സമിതി ജോയിന്റ് സെക്രട്ടറിയുമായ റഷീദ് പറയുന്നത്. സൗത്ത് ബീച്ചില്‍ ലോറി നിര്‍ത്തുന്നതിനെതിരെ പ്രക്ഷോഭമുയരുകയും അവിടെ നിര്‍ത്തുന്നത് അനധികൃതമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവരുടെ പ്രതിസന്ധി രൂക്ഷമായത്.