തിരുവനന്തപുരം: ഗുരുതര ചട്ടലംഘനവും അച്ചടക്കലംഘനവും നടത്തുകയും സ്വഭാവ ദൂഷ്യപരമായ പ്രവര്‍ത്തിയും കാരണം കോര്‍പ്പറേഷന്റെ സത്‌പേരിന് കളങ്കം വരുത്തിയ ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളില്‍ സസ്‌പെന്റ് ചെയ്തതായി കെ എസ ്ആര്‍ ടി സി.
അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളെജ് വിദ്യാര്‍ത്ഥികളുടെ ജീവന്‍ കവര്‍ന്ന സംഭവത്തില്‍ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഫെബ്രുവരി 28ന് ചടയമംഗലം ഡിപ്പോയിലെ RPC 722 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വ്വീസ് നടത്തവെ നെട്ടയത്തറയില്‍ അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ തട്ടിയതിനെ തുടര്‍ന്ന് ബുള്ളറ്റ് യാത്രക്കാരായ രണ്ട് കോളെജ് വിദ്യാര്‍ത്ഥികള്‍ തെറിച്ച് വീഴുകയും മരണപ്പെട്ടുകയും ചെയ്തിരുന്നു. അപകടകരമാകും വിധം ഓവര്‍ടേക്ക് ചെയ്തത് കൊണ്ടാണ് ബുള്ളറ്റ് യാത്രക്കാരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്ന് അന്വേഷത്തില്‍ തെളിയുകയായിരുന്നു.
ഉദ്യോഗസ്ഥരില്‍ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ബിഹേവിയറല്‍ ചെയ്ഞ്ച് ട്രെയിനിംഗില്‍ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടര്‍ ബിജു അഗസ്റ്റ്യനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഫെബ്രുവരി 26ന് പാറശ്ശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ. ആര്‍ ഷാനു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഒരുങ്ങവെ ഷാനുവിന്റെ സ്വകാര്യ ബാഗില്‍ നിന്നും കോര്‍പ്പറേഷന്‍ വക 200 ഗ്രാം ബ്രാസ് സ്‌ക്രാപ്പ് റിവേറ്റ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് ഡ്യൂട്ടി ഗാര്‍ഡ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനോട് ഷാനു സഹകരിക്കുവാനോ, വിശദീകരിക്കുവാനോ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഷാനുവിനേയും സസ്‌പെന്‍ഡ് ചെയ്തു.
ഫെബ്രുവരി 19ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.എസ് ബിജുകുമാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി രാത്രി കാല ഡിപ്പോ പരിശോധന നടത്തിയ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടില്‍ ഏര്‍പ്പെടുകയോ, മദ്യലഹരിയില്‍ ഓഫീസ്, ഗ്യാരേജ്,ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് സിഎംഡി നല്‍കിയിരുന്ന ഉത്തരവിന്റെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാളുടെ അക്കൗണ്ടില്‍ ഇട്ട് കൊടുത്ത ശേഷം തിരികെ വാങ്ങുകയും ആ തുകയില്‍ തിരിമറി നടത്താന്‍ ശ്രമിക്കുകയും ചെയ്ത നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജനറല്‍ ഇന്‍സ്‌പെക്ടര്‍ ടി. ഐ സതീഷ്‌കുമാറിനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇത് കൂടാതെ 2022 ഡിസംബര്‍ 10 കോഴിക്കോട് ഡിപ്പോയിലെ JN 349 ബസിലെ യാത്രക്കാരനില്‍ നിന്നും ലഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് യാത്രാക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ടക്ടര്‍ പി ജെ പ്രദീപിനെയും സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു.