പനിബാധിച്ച് ഒന്നര വയസുകാരി മരിച്ചു

Kerala

തിരുവനന്തപുരം: പനിബാധിച്ച ഒന്നരവയസുകാരി ആശുപത്രി അധികൃതര്‍ മതിയായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് മരിച്ചു. നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തന്‍വീട്ടില്‍ സുജിത് സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് മതിയായ ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചത്.

ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും ആരോപിക്കുന്നു. കഴിഞ്ഞ നാല് ദിവസമായി കുട്ടി ചികിത്സയിലാണ്. കുട്ടിക്ക് പനി തുടങ്ങിയിട്ട് കഴിഞ്ഞ കുറച്ചു ദിവസമായി. ആശുപത്രിയിലെത്തിച്ചപ്പോള്‍ കിടത്തി ചികിത്സിക്കാതെ ദിവസേന പരിശോധ നടത്തി വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ കുട്ടിക്ക് പനി കലശലാകുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും മരുന്ന് നല്‍കുകയും ആവി പിടിക്കുകയും ചെയ്‌തെങ്കിലും പതിനൊന്ന് മണിയോടെ കുട്ടി മരണപ്പെട്ടു. കൃത്യസമയത്ത് വേണ്ട ചികിത്സ നല്‍കാത്തതാണ് രോഗം മൂര്‍ച്ഛിക്കാനും കുട്ടി മരിക്കാനും കാരണമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.