കൊച്ചി: വാണിജ്യ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതോടെ മുഴുവന്‍ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. മുപ്പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് വിവിധ വാഹനങ്ങള്‍ക്ക് വിലക്കിഴിവ് ലഭിക്കുക. സെപ്റ്റംബര്‍ 22 മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും.
ഹെവി കൊമേഷ്യല്‍ വാഹനങ്ങള്‍ക്ക് 2,80,000 രൂപ മുതല്‍ 4,65,000 രൂപ വരെയും, ലൈറ്റ് കൊമേഷ്യല്‍ വാഹനങ്ങള്‍ക്ക് 1 ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയും, ബസുകള്‍, വാനുകള്‍ എന്നിവയ്ക്ക് 1,20,000 രൂപ മുതല്‍ 4,35,000 രൂപ വരെയും, മിനി ട്രക്കുകള്‍ക്ക് 52,000 രൂപ മുതല്‍ 66,000 രൂപ വരെയും, മിനി പിക്കപ്പുകള്‍ക്ക് 30,000 രൂപ മുതല്‍ 1,10,000 രൂപ വരെയും വിലക്കുറവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
ഇന്ത്യയുടെ ഗതാഗത, ലോജിസ്റ്റിക്‌സ് നട്ടെല്ലിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനമാണ് വാണിജ്യ വാഹനങ്ങളുടെ ജിഎസ്ടി 18% ആയി കുറച്ചതെന്ന് ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു, പരിഷ്‌കാരങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ടാറ്റ മോട്ടോഴ്സ് എല്ലാ വാണിജ്യ വാഹനങ്ങളിലും ജിഎസ്ടി ഇളവിന്റെ പൂര്‍ണ്ണ ആനുകൂല്യം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാണിജ്യ വാഹന ശ്രേണിയിലുടനീളം വില കുറയ്ക്കുന്നതിലൂടെ, ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍, ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍, ചെറുകിട ബിസിനസുകള്‍ എന്നിവരുടെ ചെലവ് കൂടുതല്‍ കുറയ്ക്കാന്‍ ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.