കല്പറ്റ: ഒരു എം എല്‍ എ എങ്ങിനെ ആകണം എന്നതിന് ശരിയുത്തരമാണ് കല്പറ്റയിലെ ടി സിദ്ധീഖ്. ദുരന്തങ്ങളും ജനകീയ പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ അവിടെ ഓടിയെത്തുക മാത്രമല്ല തോളോട് തോള്‍ ചേര്‍ന്ന് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്ന പൊതു പ്രവര്‍ത്തകന്റെ കടമയാണ് സിദ്ധീഖിനെ വ്യത്യസ്തനാക്കുന്നത്. ഒരുപക്ഷെ കേരളത്തില്‍ ഏറ്റവും ജനകീയനായ എം എല്‍ എ എന്ന പേര് സിദ്ധീഖിന് വന്നുചേര്‍ന്നതിന് പിന്നില്‍ ഈ നിസ്വാര്‍ത്ഥ സേവനത്തിന്റെ ചരിത്രമുണ്ട്.

2024ലെ മുണ്ടക്കൈ ദുരന്തം കേരളത്തെ ഞെട്ടിച്ചപ്പോള്‍ നാടാകെ വയനാടിന് വേണ്ടി സഹായ ഹസ്തം നീട്ടി. അവിടെ ടി സിദ്ധീഖിന്റെ കരങ്ങളുണ്ടായിരുന്നു. കല്പറ്റയില്‍ നിന്ന് 2019ല്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഈ എം എല്‍ എയെ ഇനി കാണില്ല, കാണണമെങ്കില്‍ ചുരം ഇറങ്ങി പോകേണ്ടി വരുമെന്ന് പറഞ്ഞവരും പ്രചരിപ്പിച്ചവരും ഇപ്പോള്‍ നിരാശരായി. ഒടുവില്‍ സി പി എമ്മിനും കൂട്ടര്‍ക്കും വീടുകളില്‍ നിന്ന് വീടുകളിലേക്ക് എത്തുന്ന എം എല്‍ എക്കെയെ കാണേണ്ടി വന്നു എന്നതും ചരിത്രം.

അന്യ നാട്ടുകാരനായി അല്ല സ്വന്തം നാട്ടുകാരനായാണ് സിദ്ധീഖ് ഇപ്പോള്‍ വയനാട്ടില്‍ അറിയപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഇതുപോലെ ജനകീയനായ ഒരാള്‍ കേരള രാഷ്ട്രീയത്തില്‍ അപൂര്‍വ്വമാണ്. ജനങ്ങള്‍ നല്‍കുന്ന പിന്തുണയും സഹകരണവും മാത്രമല്ല ജനങ്ങള്‍ക്ക് വേണ്ടി തോളോട് തോള്‍ ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനവും സുപ്രധാനമാണെന്ന് ടി സിദ്ധീഖ് എം എല്‍ എ പറയുന്നു. അങ്ങോട്ട് നല്‍കുന്ന സ്‌നേഹം അതിനേക്കള്‍ പത്തിരട്ടി ഇങ്ങോട്ട് നല്‍കുന്ന അനുഭവമാണ് കല്പറ്റ നല്‍കുന്ന പാഠം. അതുകൊണ്ട് തന്നെ സ്‌നേഹത്തിന്റെ പാലത്തിലൂടെയാണ് എന്റെ യാത്രയെന്ന് ടി സിദ്ധീഖ് പറയുന്നു.

ആദിവാസികളും തോട്ടം തൊഴിലാളികളും സാധാരണക്കാരും അടങ്ങുന്ന വയനാടിന്റെ, പ്രത്യേകിച്ച് കല്‍പ്പറ്റ മണ്ഡലത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അധീതമായ കുതിച്ചുചാട്ടമാണ് എന്റെ ലക്ഷ്യമെന്ന് എം എല്‍ എ പറയുന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും ഈ എം എല്‍ എക്ക് പിന്നില്‍ കൈ കൂപ്പി നില്‍ക്കുന്ന കാഴ്ച കാണാം. ആത്മാര്‍ത്ഥമായ ഇടപെടലിലൂടെയാണ് എം എല്‍ എ കൂടുതല്‍ ജനകീയനാകുന്നത്.

മുതലാളിമാരുടെ കൊട്ടാരങ്ങളിലും പാര്‍ട്ടി ഓഫിസുകളെന്ന ചട്ടക്കൂട്ടിലും ഒതുങ്ങിയ എം എല്‍ എമാരുടെ കഥയല്ല ടി സിദ്ധീഖിന്റേത്. കക്ഷി രാഷ്ട്രീയത്തിനും മത ജാതി വിവേചനങ്ങള്‍ക്കും അധീതമായ മനസ്സിന്റെ ഉടമ, അതുകൊണ്ട് തന്നെ ജനകീയ പ്രശ്‌നങ്ങള്‍ക്കാണ് എന്നും ഊന്നല്‍ നല്‍കിയത്. ആരോട് ചോദിച്ചാലും ഒരു ഉത്തരമാണ് ഉള്ളത്. സിദ്ധീഖാണ് മാതൃക എം എല്‍ എ. ജനകീയ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുകയും പരിഹാരങ്ങള്‍ തേടുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടി ശൈലി ടി സിദ്ധീഖ് എം എല്‍ എയിലും കാണാം.

വസ്തുതകള്‍ പഠിക്കുകയും അതിനനുസരിച്ച് ചലിക്കുകയും ചെയ്യുന്ന പ്രകൃതമാണ് ടി സിദ്ധീഖിന്റേത്. പല ആരോപണങ്ങള്‍ കൊണ്ടും രാഷ്ട്രീയ എതിരാളികള്‍ സിദ്ധീഖ് മത്സരിക്കുമ്പോഴും എം എല്‍ എ ആയപ്പോഴും വില്ല് കുലച്ചെങ്കിലും അവരെല്ലാം സുല്ലുപറയുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. എവിടേയും ഓടിയെത്തുക എന്ന കാര്യത്തില്‍ സിദ്ധീഖിനെ വെല്ലാന്‍ മറ്റാരുമില്ല.

മുണ്ടക്കൈ ദുരന്ത ഭൂമിയിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഇത് കണ്ടതാണ്. നിയമസഭക്ക് അകത്തും പുറത്തും വയനാടിന്റെ പ്രത്യേകിച്ച് കല്പറ്റയുടെ ശബ്ദമാകാന്‍ സിദ്ധീഖിന് സാധിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കര്‍മ്മ ഭടന്‍ പറയുന്ന വാക്കുകള്‍ ഒന്നുമാത്രം. സ്‌നേഹത്തിന്റെ പാലത്തിലൂടെയണ് എന്റെ പ്രയാണം. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വയനാട്ടുകാര്‍ നല്‍കുന്ന സ്‌നേഹത്തിന് ഇരട്ടി മധുരമാണ്. മാധ്യമങ്ങളും അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നതെന്ന് അദ്ദേഹം ഓര്‍ത്തു. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ടി സിദ്ധീഖ് എം എല്‍ എക്ക് സ്വന്തം മണ്ഡലത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ഇല്ല എന്നതാണ് വസ്തുത. വിമര്‍ശനങ്ങളെ വിനയത്തോടെ സ്വീകരിക്കുകയും ഗൗരവത്തോടെ മറുപടി പറയുകയും ചെയ്യുന്ന ശൈലിയാണ് ഈ യുവ നേതാവിന്റേത്. വയനാട്ടുകാര്‍ ആഗ്രഹിച്ചതും ഇതുതന്നെയാണ്.

യാതൊരു പിടിപാടും ഇല്ലാത്ത കല്പറ്റ മണ്ഡലത്തില്‍ മത്സരിക്കാന്‍ വൈകി എത്തുകയും അതിവേഗം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവാണ് ടി സിദ്ധീഖ് എം എല്‍ എ. സി പി എമ്മും ജനതാദള്ളും അഴിച്ചുവിട്ട പ്രചാരണങ്ങളൊന്നും ഏശിയില്ല. 2019ല്‍ എല്‍ ഡി എഫിന്റെ എം വി ശ്രേയാംസ്‌കുമാറിനെ പരാജയപ്പെടുത്തിയാണ് സി പി എമ്മിന്റെ സിറ്റിംഗ് സീറ്റ് യു ഡി എഫിനുവേണ്ടി ടി സിദ്ധീഖ് തിരിച്ചുപിടിച്ചത്. ജനങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിക്കുന്നതുമായ കാര്യങ്ങളെ ‘അഡ്രസ്സ്’ ചെയ്യുക എന്നതാണ് ഒരു ജനപ്രതിനിധി എന്ന നിലയില്‍ താന്‍ ചെയ്യുന്നത്. അതാണ് എന്റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മണ്ഡലത്തിന് അകത്തും പുറത്തും കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മികച്ച കാവലാളാവുകയാണ് സിദ്ധീഖ് എം എല്‍ എ. വിവാദങ്ങളില്‍ പെടാതെ നടന്നുനീങ്ങുന്ന എം എല്‍ എ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും ഒരു മാതൃകയാണ്. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കള്‍ മാത്രമല്ല യുവ നിരയിലും ടി സിദ്ധീഖിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ സിദ്ധീഖ് പലപ്പോഴും ഒറ്റക്കല്ല ഒരു പടയാളി കൂട്ടത്തോടൊപ്പമാണ് സഞ്ചാരം. മണ്ഡലത്തിലെ ഏത് മുക്കിലും മൂലയിലും സിദ്ധീഖിന് പേരെടുത്ത് വിളിക്കാന്‍ ആളുകളുണ്ട്.

കല്പറ്റയെ സംബന്ധിച്ച് ഇങ്ങനെ ജനകീയനായ ഒരു എം എല്‍ എ അപൂര്‍വ്വമാണ് എന്നാണ് എതിരാളികള്‍ പോലും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ടി സിദ്ധീഖ് എം എല്‍ എയുടെ പ്രതിച്ഛായക്ക് കളങ്കം ചാര്‍ത്താന്‍ ശ്രമങ്ങള്‍ ഒരുഭാഗത്തുണ്ട്. അതിനെയെല്ലാം വകഞ്ഞുമാറ്റിയും വകവെക്കാതെയും ജനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ യാത്ര.