വാഴയൂര്‍: അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടര്‍ച്ചക്കായി യു ജി സി നാക് അക്രഡിറ്റേഷന്‍ സംഘത്തിന്റെ സന്ദര്‍ശനത്തിനൊരുങ്ങിയിരിക്കുകയാണ് വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നിന്നുപോയ ജനവിഭാഗത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വച്ചു കൊണ്ട് 2005 ല്‍ സ്ഥാപിതമായതാണ് ‘സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ’ എന്ന സാഫി.
മലബാറിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസമേഖലയില്‍ തനത് മുദ്ര പതിപ്പിച്ച സാഫി, ഇതിനോടകം മലേഷ്യയിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയുമായി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള (Ph.D) ധാരണാ പത്രം ഒപ്പു വയ്ക്കുകയും ഗവേഷണകേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നാക് സന്ദര്‍ശനം നടക്കാന്‍ പോകുന്നതെന്ന് സ്ഥാപന ചെയര്‍മാന്‍ ഡോ. ആസാദ്മൂപ്പന്‍ അറിയിച്ചു.
സാഫിയുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിരവധി പദ്ധതികളുടെ നടത്തിപ്പിലും മാനേജ്‌മെന്റ് ബദ്ധശ്രദ്ധരാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു. സാമൂഹ്യരംഗത്ത് വ്യത്യസ്ത മേഖലകളില്‍ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള, നേതൃപാടവമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്ന ‘ലീഡേഴ്‌സ് അക്കാദമി’ സാഫിയുടെ സവിശേഷ പദ്ധതിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരീശീലനമാര്‍ഗങ്ങള്‍ ഈ മേഖലയില്‍ നല്‍കി വരുന്നു.
കോവിഡാനന്തരം ആരംഭിച്ച ചാണക്യ സിവില്‍ സര്‍വീസ് അക്കാദമി, വിവിധങ്ങളായ മാനവ വിഭവ ശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ‘ഹ്യൂമന്‍ റിസോഴ്‌സ് ഇന്‍സ്റ്റിട്യൂട്ട്’, അധ്യാപക വിദ്യാര്‍ഥികളുടെ ഗവേഷണ താല്പര്യങ്ങളെ നയിക്കുന്ന റിസര്‍ച്ച് ഡയറക്ടറേറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ നിലവില്‍ സ്ഥാപിതമായിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് യു.ജി.സി. 2(f) അംഗീകാരം, കടഛ സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി വളര്‍ച്ചയുടെ ഉന്നത പടവുകള്‍ സ്ഥാപനം താണ്ടിക്കഴിഞ്ഞു.
യു.ജി.സി. നാക് സന്ദര്‍ശനത്തിനു മുന്നോടിയായി വിശദമായ സെല്‍ഫ് സ്റ്റഡി റിപോര്‍ട്ട് കോളേജ് ഇന്റേണല്‍ ക്വാളിറ്റി അഷുറന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ചിരിക്കുന്നു. സ്ഥാപനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുവാനുള്ള പരിശ്രമത്തില്‍ മാനേജ്‌മെന്റ്, അധ്യാപക അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, തദ്ദേശ സ്ഥാപന അധികാരികള്‍ എന്നിവരുടെ സഹകരണം വലിയ പങ്കാണ് വഹിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, അധ്യാപക പഠനമേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം, ഗവേഷണ പദ്ധതികള്‍ തുടങ്ങിയ മേഖലകള്‍ക്ക് മാനേജ്‌മെന്റ് പ്രത്യേക പരിഗണന നല്‍കി വരുന്നു.
നാക് സന്ദര്‍ശനത്തിനു നേതൃത്വം നല്‍കുന്ന പിയര്‍ ടീം അംഗങ്ങള്‍: പ്രൊഫ. രാജീവ് ജെയിന്‍ (വൈസ് ചാന്‍സലര്‍, യൂണിവേഴ്‌സിറ്റി ഓഫ് രാജസ്ഥാന്‍), ജെ. എല്‍. എന്‍. മാര്‍ഗ്, (ജയ്പ്പൂര്‍ 302004, രാജസ്ഥാന്‍), ഡോ. ടി . ത്രിപുര സുന്ദരി (ഡിപ്പാര്‍ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം), ശ്രീമതി. പത്മാവതി മഹിള വിശ്വ വിദ്യാലയം (വുമണ്‍സ് യൂണിവേഴ്‌സിറ്റി തിരുപതി, ചിറ്റൂര്‍ 517501, ആന്ധ്രാപ്രദേശ്)
ഡോ. പന്തരീനാഥ്, ബൂച്ചാടെ (പ്രിന്‍സിപ്പല്‍, എം ഇ. എസ്. അബസഹേബ് ഗര്‍വാരെ കോളേജ് കര്‍വെ റോഡ്, പൂനെ 411001, മഹാരാഷ്ട്ര).
സ്ഥാപനത്തിലെ വിവിധ വകുപ്പുകള്‍ക്കും ഇതര വിഭാഗങ്ങള്‍ക്കും കീഴില്‍ നടന്ന കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപോര്‍ട്ടുകളും രേഖകളും നാക് സംഘത്തിന് സമര്‍പ്പിക്കുവാന്‍ തയ്യാറായിട്ടുണ്ട്.