തിരൂര്‍: സ്ത്രീകള്‍ തങ്ങളുടെ ജൈവിക പരിമിതികളെ ഉള്‍കൊണ്ട് വേണം വിമോചന പോരാട്ടങ്ങള്‍ക്ക് രംഗത്തിറങ്ങേണ്ടതെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ വനിതാ വിഭാഗമായ എം ജി എം വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വുമന്‍സ് ലീഡേഴ്‌സ് അസംബ്ലി അഭിപ്രായപ്പെട്ടു. സ്ത്രീയും പുരുഷനും ജൈവഘടനയില്‍ വ്യത്യസ്തകങ്ങളാണെന്നിരിക്കെ ലിംഗ സമത്വമെന്ന മുദ്രാവാക്യം അപ്രസക്തമാണ്. ലിംഗ നീതിയാണ് സ്ത്രീ ശാക്തീകരണത്തിന് അടിസ്ഥാനമായി വര്‍ത്തിക്കേണ്ടത്.
അതിരുവിട്ട ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നവലിബറല്‍ മുദ്രാവാക്യങ്ങള്‍ സ്ത്രീകളെ കേവല ഉപഭോഗ വസ്തുവാക്കി മാറ്റിയിരിക്കയാണെന്നും ലീഡേഴ്‌സ് അസംബ്ലി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് കരുതലും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന ഇസ്ലാമിക അനന്തരാവകാശനിയമങ്ങളെ സങ്കുചിതമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അംഗീകരിക്കാവതല്ല. സ്ത്രീത്വത്തെ അംഗീകരിക്കാന്‍ പോലും തയ്യാറാവാത്ത ഒരു കാലഘട്ടത്തില്‍ സ്ത്രീക്ക് അഭിമാനകരമായ അസ്തിത്വവും സ്വത്തവകാശവും വകവെച്ചു കൊടുത്ത ഇസ്ലാമിക മൂല്യ വ്യവസ്ഥയെ സ്ത്രീ വിരുദ്ധമെന്ന് മുദ്രകുത്താനുള്ള നീക്കം ചെറുക്കുക തന്നെ ചെയ്യുമന്ന് എം ജി എം വ്യക്തമാക്കി.
അബലകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അഗതികള്‍ക്കുമായി തിരൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ വീട്ടില്‍ ഒരുക്കിയ എം.ജി.എം. വനിതാ ദിനാഘോഷം എം.ജി.എം. വൈസ് പ്രസിഡണ്ടും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയുമായ ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എ.പി. നസീമ മുഖ്യാതിഥിയായിരുന്നു.
എം ജി എം വൈസ് പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി പി റംശീദ ആശംസകളര്‍പ്പിച്ചു. എം ജി എം ജനറല്‍ സെക്രട്ടറി സി ടി ആയിശ വിഷയമവതരിപ്പിച്ചു. റുഖ്‌സാന വാഴക്കാട്, സജ്‌ന പട്ടേല്‍താഴം, സഫൂറ തിരുവണ്ണൂര്‍, ഡോ. ജുവൈരിയ്യ, പാത്തേയ് ടീച്ചര്‍, ജുവൈരിയ്യ ടീച്ചര്‍, ഹസനത്ത് പരപ്പനങ്ങാടി, ജസീറ രണ്ടത്താണി പ്രസംഗിച്ചു.