മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം പിന്‍വലിച്ച് നാടുവിടണം; തന്നെ സമീപിച്ച സി പി എം സെക്രട്ടറി എം വി ഗോവിന്ദന്റെ ദൂതന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്
തിരുവനന്തപുരം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിച്ച് നാടുവിടണമെന്ന് ആവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ദൂതനായി തന്നെ സമീപിച്ചയാളുടെ ചിത്രങ്ങള്‍ സ്വപ്ന സുരേഷ് പുറത്തുവിട്ടു. ആരോപണം പിന്‍വലിച്ച് നാടുവിടുകയാണെങ്കില്‍ 30 കോടി രൂപ തരാമെന്ന് ദൂതന്‍ പറഞ്ഞതായും തയ്യാറായില്ലെങ്കില്‍ ഈ ലോകത്ത് നിന്നുതന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് സ്വപ്ന ആരോപിക്കുന്നത്.

ഡിബ്ല്യജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സി ഇ ഒയായ വിജേഷ് പിള്ളയാണ് തന്നെ സമീപിച്ചതെന്ന് ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സ്വപ്ന പറയുന്നു. ഒരു അഭിമുഖത്തിനെന്ന പേരിലാണ് തന്നെ വിജേഷ് പിള്ള തന്നെ വന്നു കണ്ടതെന്നും സംഭാക്ഷണം തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ പ്രലോഭനവും ഭീഷണിയും എത്തിയെന്നും സ്വപ്‌ന പറയുന്നു. ആദ്യം പത്ത് കോടിയാണ് നല്‍കാമെന്ന് പറഞ്ഞത്. പിന്നീട് ഇത് 30 കോടി വരെ തരാമെന്ന് പറഞ്ഞു.

പണം വാങ്ങിയാല്‍ വിദേശത്തേക്കോ അല്ലങ്കില്‍ ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണമെന്നാണ് ഇയാള്‍ നിര്‍ദേശിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ തീര്‍ത്തുകളയുമെന്ന് വിജേഷ് പിള്ള ഭീഷണപ്പെടുത്തിയതായും സ്വപ്‌ന പറയുന്നു. ക്ലൗഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന തെളിവുകള്‍ നശിപ്പിക്കണം. ഒരു മാസത്തിനുള്ളില്‍ യു കെയിലേയ്‌ക്കോ മലേഷ്യയിലേക്കോ പോകുന്നതിനുള്ള വിസ എത്തിച്ച് തരാമെന്ന് പറഞ്ഞതായും സ്വപ്‌ന പറയുന്നു.

തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ സ്വപ്ന മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പല കാര്യങ്ങള്‍ക്കും വേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് എന്നെ ജയിലില്‍ അടച്ചുവെന്നും സ്വപ്ന സുരേഷ് ലൈവില്‍ പറഞ്ഞു.
‘ജയിലില്‍ വച്ചുതന്നെ തുറന്നു പറയാന്‍ ആഗ്രഹിച്ചെങ്കിലും അന്ന് നടന്നില്ല. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ കള്ളത്തരം ഉള്‍പ്പെടെ തിരിച്ചറിഞ്ഞതോടെ പ്രതികരിക്കാന്‍ തുടങ്ങുകയായിരുന്നു. ഒരാള്‍ കണ്ണൂരില്‍നിന്നു നിരന്തരം വിളിച്ചു ഇന്റര്‍വ്യൂ എടുക്കാനെന്ന് പറയുകയാണ് ആദ്യം ചെയ്തത്. അതനുസരിച്ച് ബംഗളൂരുവിലെ ഹോട്ടലില്‍ അയാള്‍ എത്തി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഉണ്ടായത് ഒരു സെറ്റില്‍മെന്റ് സംസാരമായിരുന്നുവെന്നും സ്വപ്ന പറയുന്നു.
പത്ത് കോടി തരാം എന്നാണ് ആദ്യം പറയുന്നത്. പിന്നീട് അത് 30 കോടിയാക്കി. എം വി ഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാ സഹായവും നല്‍കും. പിന്നെ ജീവിച്ചിരിക്കുന്നത് പോലും ആരും അറിയാന്‍ പാടില്ല. മരണം ഉറപ്പാണെന്ന് അതില്‍ നിന്ന് എനിക്ക് ഉറപ്പായി. കാരണം എനിക്ക് ഒരു തന്തയേയുള്ളൂ. ഗോവിന്ദന്‍ മാഷ് തീര്‍ത്തുകളയുമെന്ന് പറഞ്ഞു’ സ്വപ്ന സുരേഷ് പറഞ്ഞു. ‘ആദ്യം അപേക്ഷയുടെ രൂപത്തിലും പിന്നീട് ഭീഷണിയുടെ രൂപത്തിലും ആണ് പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാം മെയിലായി അഭിഭാഷകന്‍ കൃഷ്ണരാജിന് നല്‍കിയിട്ടുണ്ട്. കര്‍ണാടക ഡി ജി പിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടര്‍ക്കും ഈ വിവരം കൈമാറിയതായും സ്വപ്ന വ്യക്തമാക്കി.