മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് കുരുക്ക് മുറുകുന്നു, എസ്എഫ്‌ഐഒ കെ എസ് ഐ ഡി സിയുടെ ഓഫീസിലെത്തി

Kerala

തിരുവനന്തപുരം: മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരെ കുരുക്ക് മുറുക്കി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റീഗേഷന്‍ ടീം കെ എസ് ഐ ഡി സിയുടെ ഓഫീസില്‍. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദാണ് സിഎംആര്‍എല്ലിലെ റെയ്ഡ് പൂര്‍ത്തിയാക്കി കെ എസ് ഐ ഡി സിയില്‍ റെയ്ഡിന് എത്തിയത്. താമസിയാതെ തന്നെ എക്സാലോജികിലേക്കും അന്വേഷണം എത്തും. വീണാ വിജയനെ ചോദ്യം ചെയ്യും. അറസ്റ്റിലേക്ക് കടക്കേണ്ട സാഹചര്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കെ എസ് ഐ ഡി സി നല്‍കുന്ന മറുപടി അതിനിര്‍ണ്ണായകമാകും. ഇതോടെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് എത്തുകയാണ്. പൊതുമേഖലാ സ്ഥാപനത്തിലെ പരിശോധനകള്‍ അതിനിര്‍ണ്ണായകമാകും. കെ എസ് ഐ ഡി സിയും സി എം ആര്‍ എല്ലും തമ്മിലെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. സിഎംആര്‍എല്ലില്‍ കെ എസ് ഐ ഡി സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. മുഴുവന്‍ സമയ ഡയറക്ടറുമുണ്ട്. അതുകൊണ്ട് തന്നെ വീണാ വിജയന്റെ കമ്പനിക്ക് നല്‍കിയ പണം സര്‍ക്കാര്‍ സംവിധാനത്തെ സ്വാധീനിക്കാനാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് കെ എസ് ഐ ഡി സിയില്‍ സംഘമെത്തുന്നത്.

ഇതോടെ മാസപ്പടിയിലെ അന്വേഷണം പുതിയ തലത്തിലെത്തി. കരിമണല്‍ കര്‍ത്തയുടെ നിയന്ത്രണത്തിലുള്ള സിഎംആര്‍എല്ലില്‍ രണ്ടു ദിവസമാണ് റെയ്ഡ് നടത്തിയത്. ജീവനക്കാരുടെ മൊഴിയും എടുത്തു. ഈ സാഹചര്യത്തിലാണ് കെ എസ് ഐ ഡി സിയിലെ അന്വേഷണം. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്.

മാസപ്പടി ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം തുടങ്ങിയത് തിങ്കളാഴ്ചയാണ്. ആദ്യ രണ്ടുദിവസം എക്‌സാലോജിക് കമ്പനിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന്റെ ആലുവയിലുള്ള കോര്‍പറേറ്റ് ഓഫിസിലെ റെയ്ഡ് നടന്നത്.

ആദായനികുതി വകുപ്പിനു സിഎംആര്‍എല്‍ സമര്‍പ്പിച്ച കണക്കു പ്രകാരം 2016 മുതല്‍ 2023 വരെ കമ്പനി നേടിയ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പും പരിശോധനയുമാണു നടത്തുന്നത്. 2023 മാര്‍ച്ച് 31നു കമ്പനിയുടെ പ്രഖ്യാപിത അറ്റാദായം 73 കോടി രൂപ മാത്രമാണ്. എന്നാല്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കമ്പനിയുടെ യഥാര്‍ഥ ലാഭം ഇതിലുമേറെയാണ്. യഥാര്‍ഥ ലാഭത്തിന്റെ നാലിലൊന്നു പോലും കമ്പനിയുടെ ആസ്തിയായി മാറിയില്ലെന്നും കണ്ടെത്തി. ഈ പണം എന്തു ചെയ്തു, ആര്‍ക്കു നല്‍കി എന്നാണ് എസ്എഫ്‌ഐഒ കണ്ടെത്താന്‍ ശ്രമിക്കുന്നത്.

73 കോടി രൂപ അറ്റാദായമുള്ള കമ്പനിക്കു 135 കോടി രൂപ പലര്‍ക്കായി നല്‍കാന്‍ കഴിയില്ലെന്ന പ്രാഥമിക നിഗമനത്തിലാണു അന്വേഷണ സംഘം. കമ്പനിയുടെ യഥാര്‍ഥ വരുമാനം എത്രയെന്നു കണ്ടെത്തിയാല്‍ മാത്രമേ ഏതെല്ലാം ഷെല്‍കമ്പനികളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്നു കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇതിനുള്ള ഫൊറന്‍സിക് ഓഡിറ്റിങ് എസ്എഫ്‌ഐഒ ഉടന്‍ ആരംഭിക്കും. ഇത് അതിനിര്‍ണ്ണായകമായി മാറും. വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം വഴിതുറക്കുക ഇ.ഡി. അന്വേഷണ സാധ്യതകളിലേക്ക് എത്തിക്കയാണ് ലക്ഷ്യം.

തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി കോര്‍പ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. അല്‍പ്പസമയം മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്.

അതേസമയം മകള്‍ക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് വന്നപ്പോള്‍ രണ്ട് കമ്പനികള്‍ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകള്‍ക്കുള്ള സിപിഎം പിന്തുണ. കരാറില്‍ ആര്‍ഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകള്‍ക്കും പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ്.