കെ എസ് ആര്‍ ടി സിയില്‍ വീണ്ടും കൂട്ട നടപടി; എ ടി ഒ അടക്കം അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

News

തിരുവനന്തപുരം: മദ്യപിച്ച് കെ എസ് ആര്‍ ടി സി ബസ് ഓടിച്ച മൂന്ന് ഡ്രൈവര്‍മാരെയും, മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡിപ്പോ ജീവനക്കാരന്‍, സഹപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത എ ടി ഒ അടക്കം അഞ്ച് പേരെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തു.

ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവര്‍ ലിജോ സി ജോണ്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് പരിശോധനയില്‍ പിടിയിലായ ഇവരെ ഞാന്‍ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ആയിരം പ്രാവശ്യം സ്‌റ്റേഷനില്‍ ഇരുത്തി എഴുതിപ്പിച്ചതും ഈ ജീവനക്കാര്‍ യൂണിഫോമില്‍ ഇരുന്ന് എഴുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഫെബ്രുവരി 21ന് മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി രാജേഷ് കുമാര്‍ കോഴഞ്ചേരി കോട്ടയം സര്‍വ്വീസ് നടത്തവെ കറുകച്ചാല്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തി കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ വി രാജേഷിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പത്തനംതട്ട ഗ്യാരേജിലെ സ്‌റ്റോര്‍ ഇഷ്യൂവര്‍ വി ജെ പ്രമോദിനേയും സസ്‌പെന്‍ഡ് ചെയ്തു. മാര്‍ച്ച് 2ന് ഡ്യൂട്ടിക്കെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു

അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് തൊടുപുഴ ക്ലസ്റ്റര്‍ ഓഫീസര്‍ വി എസ് സുരേഷ് ( അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍) ന്റെ ക്യാബിനില്‍ വെച്ച് നടന്ന മീറ്റിംഗില്‍ അസിസ്റ്റ്റ്റ് ജാക്‌സന്‍ ദേവസ്യയുമായി വാക്കേറ്റം നടത്തുകയും തുടര്‍ന്ന് കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് വി എസ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *