തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് പുനസംഘടയുമായി ബന്ധപ്പെട്ട് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ച കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) ബഹിഷ്‌ക്കരിച്ചു. തൊഴിലാളികളെ ദ്രോഹിക്കുന്ന ബോര്‍ഡിന്റെ നിലപാടിന് കൂട്ടുനില്‍ക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ചര്‍ച്ച ബഹിഷ്‌ക്കരിച്ചതെന്ന് കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ റ്റി യു സി) സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് സേവ്യറും സംസ്ഥാന ട്രഷറര്‍ എസ് എന്‍ നുസുറയും ജില്ലാസെക്രട്ടറി ആര്‍ എസ് വിനോദ് മണിയും അറിയിച്ചു.
ബോഡിന്റെ പുനസംഘടനയില്‍ ജീവനക്കാരുടെ സംഘടനകളെ മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. പ്രഹസന ചര്‍ച്ചയില്‍ പങ്കെടുക്കാനും തൊഴിലാളികളെ വഞ്ചിക്കാനും തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) ചര്‍ച്ച ബഹിഷ്‌കരിച്ചത്. പുനസംഘടന സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്താതെ തട്ടിക്കൂട്ട് സംവിധാനത്തിലൂടെ സ്വകാര്യവല്‍ക്കരണത്തിന് വഴിയൊരുക്കുന്ന കമ്പനി രൂപീകരണത്തെ അംഗീകരിക്കാന്‍ കഴിയില്ല.
ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി എന്ന് വരുത്തി തീര്‍ക്കാനുള്ള നടപടിയാണ് ഉണ്ടായത്. വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ഓഫീസര്‍മാരും തൊഴിലാളികളും ഈ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇടമുണ്ടാകില്ല. ചര്‍ച്ച നടത്തി എന്ന് വരുത്തി തീര്‍ത്ത് സ്വകാര്യ വത്ക്കരണ നീക്കം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടന്നത്. ഇത് അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് ബഹിഷ്‌ക്കരണമെന്ന് നേതാക്കള്‍ അറിയിച്ചു.
തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ച് തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. റീസ്റ്റച്ചറിങ് നിര്‍ദ്ദേശങ്ങള്‍ തൊഴിലാളി സംഘടനകളുടെ അനുമതി ഇല്ലാതെ സര്‍ക്കാരിന് സമര്‍പ്പിക്കുവാനുള്ള നീക്കമായിരുന്നു ചര്‍ച്ചക്ക് പിന്നിലെ ഉദ്ദേശ്യം. ഇരുപതാം തിയ്യതി മന്ത്രിക്ക് നിയമസഭയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി പ്രഹസന ചര്‍ച്ച നടത്തുന്നതിലെ അതൃപ്തി അറിയിച്ചതായും തൊഴിലാളികളെ വിശ്വാസത്തിലെടുക്കുന്ന നിലപാട് സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.