ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തില്‍ 16 കോടി രൂപ നല്‍കും

Kerala

കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തില്‍ 16 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി എട്ടു കോടി രൂപയും ക്ഷീര സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി 50 ലക്ഷം രൂപയും, അംഗ സംഘങ്ങള്‍ക്ക് ഓഹരി തുകയായി 5.5 കോടി രൂപയും സംഘങ്ങളിലെ ജീവനക്കാര്‍ക്ക് രണ്ട് കോടി രൂപയുമാണ് നല്‍കുക. മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ വഴി മേഖലാ യൂണിയന് നല്‍കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് നാല് രൂപയാണ് അധിക പാല്‍വിലയായി നല്‍കുക. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്ക് എട്ടു കോടി രൂപ ഈയിനത്തില്‍ മാര്‍ച്ച് മാസത്തില്‍ എത്തിച്ചേരും.നേരത്തെ മാര്‍ച്ച് മാസത്തില്‍ സംഭരിക്കുന്ന പാലിന് അധിക വിലയായി ഒരു രൂപ അമ്പത് പൈസ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച നാല് രൂപയുള്‍പ്പെടെ 5.50 രൂപയാണ് മാര്‍ച്ച് മാസത്തില്‍ അധിക പാല്‍വിലയായി ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതു പ്രകാരം മാര്‍ച്ച് മാസത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് ലഭിക്കുന്ന വില 50.95 രൂപയാകും.

യൂണിയനില്‍ പാലളക്കുന്ന എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും മാര്‍ച്ച് മാസത്തില്‍ നല്‍കിയ പാലളവ് കണക്കാക്കി ലിറ്ററിന് 25 പൈസ വീതം പ്രവര്‍ത്തന ഫണ്ടായി നല്‍കും. ഈയിനത്തില്‍ 50 ലക്ഷം രൂപ സംഘങ്ങള്‍ക്ക് ലഭിക്കും. ഡിസംബര്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നല്‍കുന്ന പാലിന് ലിറ്ററിന് ഒരു രൂപ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈയിനത്തിലുള്ള രണ്ട് കോടികൂടി ഉള്‍പ്പെടുത്തുമ്പോള്‍ രണ്ടര കോടി രൂപ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി ലഭിക്കും.

ജീവനക്കാര്‍ക്കായി നല്‍കുന്ന രണ്ട് കോടി അംഗ സംഘങ്ങള്‍ക്ക് കൈമാറും, എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഈ തുക സംഘങ്ങള്‍ ജീവനക്കാര്‍ക്ക് വീതിച്ച് നല്‍കും,

അംഗ സംഘങ്ങളിലെ ഓഹരിയിനത്തിലേക്കായി മാര്‍ച്ച് മാസത്തില്‍ സംഭരിക്കുന്ന പാലിന് ലിറ്ററൊന്നിന് മൂന്നു രൂപയാണ് അധിക പാല്‍വിലയായി സംഘങ്ങള്‍ക്ക് ലഭിക്കുക. ഇത് 5.5 കോടി രൂപ വരും,

33 കോടി രൂപ അധിക പാല്‍വില, പ്രവര്‍ത്തന ഫണ്ട്, കാലിത്തീറ്റ സബ്‌സിഡി എന്നീയിനത്തില്‍ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 16 കോടിയുള്‍പ്പെടെ 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 49 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കാന്‍ സാധിച്ചത് ക്ഷീര മേഖലയിലെ റെക്കോര്‍ഡ് നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ അറിയിച്ചു.