വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതിന് പരിഹാരമുണ്ടാകണം: മാന്നാനം സുരേഷ്

Pathanamthitta

പത്തനംതിട്ട: ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 20 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് വിദേശ രാജ്യങ്ങളില്‍ വിവിധ തരം കോഴ്‌സുകള്‍ക്കായി പോകുന്നത്. ഉപരിപഠനത്തിനായി വന്‍തുക മുടക്കിയാണ് ഇവര്‍ വിവിധ രാജ്യങ്ങളിലായി പഠിക്കുന്നത്. ഇത് നമ്മുടെ സമ്പദ്ഘടനയെ തന്നെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനു പരിഹാരം ഉണ്ടാകണമെന്ന് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്റുമായ മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. ഇതു ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ലോഹ്യ കര്‍മ്മസമിതി സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയും പാര്‍ലമെന്റിനും അടിയന്തര നിവേദനം നല്‍കിയിട്ടുള്ളതാണെന്നും സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് പറഞ്ഞു.

ലോകോത്തരമായ യൂണിവേഴ്‌സിറ്റികള്‍ നമ്മുടെ ഇന്ത്യയില്‍ തന്നെ ഉണ്ടെങ്കിലും മെഡിക്കല്‍ വിദ്യാര്‍ഥികളും ഇവിടുത്തെ പോരായ്മകള്‍ കൊണ്ട് വിദേശ രാജ്യങ്ങളില്‍ ആണ് കൂടുതല്‍ പേരും പഠിക്കാന്‍ ആശ്രയിക്കുന്നത്. നമ്മുടെ നാട്ടിലെ വ്യവസായികള്‍ പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുവാന്‍ ഭയമായി മാറിനില്‍ക്കുകയാണ.് മെഡിക്കല്‍ കോളേജ് തുടങ്ങുവാന്‍ നൂറുകോടിലധികം രൂപ മുതല്‍മുടക്കേണ്ടതുണ്ട്. മൊത്തം സീറ്റുകളില്‍ എന്‍ ആര്‍ ഐ സീറ്റ് മാനേജ്‌മെന്റ് പൂര്‍ണമായി നല്‍കിയാല്‍ ഇവര്‍ ഈ മേഖലയിലേക്ക് കടന്നുവരും.

സര്‍ക്കാര്‍ മേഖലയില്‍ തന്നെ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ഇന്ത്യ ആകമാനം തുടങ്ങേണ്ടതുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. കര്‍മ്മ സമിതി പത്തനംതിട്ട ജില്ലാ ഭാരവാഹികളുടെയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാന്നാനം സുരേഷ.്

സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്യാമപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ജിഷോ ഏറ്റുമാനൂര്‍, ബെന്നി തോമസ്, സംസ്ഥാന ട്രഷറര്‍ കല്ലുകളും രാജു, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് കോന്നിയില്‍ ജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് റോയി കോന്നി സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് വടശ്ശേരിക്കര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *