തിരുവനന്തപുരം: ലഹരിമുക്ത കേരളമെന്ന സന്ദേശമുയര്‍ത്തി കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ കൂട്ടായ്മയായ ജിടെക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഥമ മാരത്തണില്‍ പ്രായ, ലിംഗ, തൊഴില്‍ ഭേദമില്ലാതെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള 3000 ത്തിലധികം പേര്‍ പങ്കെടുത്തു.
ടെക്‌നോപാര്‍ക്ക് ഫേസ് 3 കാമ്പസില്‍ നിന്ന് ആരംഭിച്ച മാരത്തണ്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 21, 10, 3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിഭാഗങ്ങളിലായാണ് മാരത്തണ്‍ നടന്നത്. ആയിരത്തോളം സ്ത്രീകളും നൂറോളം കുട്ടികളും പ്രായം 80 പിന്നിട്ടവരും പ്രതിരോധ സേനയിലെ നൂറിലധികം പേരുമുള്‍പ്പെടെ മാരത്തണില്‍ പങ്കുചേര്‍ന്നു.
കേരളത്തില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വ്യാപനത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുസമൂഹത്തിലും ചെറുപ്പക്കാരിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.
മാരത്തണിന്റെ പുരസ്‌കാരദാന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, സംസ്ഥാന ഐ.ടി സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചകിലം, ചലച്ചിത്ര സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, ജിടെക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ് വെയര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കേരളത്തില്‍ നാലിരട്ടി വര്‍ധിച്ചുവെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ശശി തരൂര്‍ പറഞ്ഞു. മയക്കുമരുന്ന് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെറുപ്പക്കാരെയാണ്. ഇതിനെതിരെ ശരിയായ സന്ദേശം അവരിലേക്ക് എത്തേണ്ടത് വളരെ പ്രധാനമാണ്. ‘നോ ടു ഡ്രഗ്‌സ്’ കാമ്പയിന്‍ കൂടുതല്‍ ജനകീയമാക്കാന്‍ പരിശ്രമിക്കുന്നതിന് ഐടി സമൂഹത്തോട് അഭ്യര്‍ഥിക്കുന്നു. സംരംഭം സംഘടിപ്പിച്ച ജിടെക്കിന് അഭിനന്ദനങ്ങളും വിജയങ്ങളും ആശംസിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹമെന്ന നിലയില്‍ ജിടെക്കിനു കീഴിലുള്ള കേരളത്തിലെ ഐടി പ്രൊഫഷണലുകള്‍ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ പ്രതികരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇതിന്റെ പ്രതിഫലനമാണ് ഈ മാരത്തണ്‍ എന്നും വി.കെ മാത്യൂസ് പറഞ്ഞു. ലഹരിക്കെതിരായ സാമൂഹിക സന്ദേശവുമായി അടുത്ത വര്‍ഷം ഫെബ്രുവരി 11ന് കൊച്ചിയില്‍ മാരത്തണിന്റെ രണ്ടാം പതിപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്‌നിസെന്റ്, ഐബിഎസ് സോഫ്റ്റ് വെയര്‍, യുഎസ്ടി ഗ്ലോബല്‍, ഇ.വൈ തുടങ്ങി 300 ലേറെ കമ്പനികളാണ് ജിടെക് കൂട്ടായ്മയിലുള്ളത്. കേരളത്തിലെ 80 ശതമാനം ഐടി ജീവനക്കാരും ജിടെക് കമ്പനികളിലാണ് ജോലിചെയ്യുന്നത്.