തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കും. വീട് ഉള്‍പ്പെടെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ചെറുകിട കെട്ടിട നിര്‍മാണങ്ങള്‍ക്കാണ് ഈ സൗകര്യം. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നതെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഇതുമൂലം ഒഴിവാക്കാന്‍ കഴിയും. അഴിമതിയും ഇല്ലാതാക്കാം. കെട്ടിട ഉടമസ്ഥരുടെയും കെട്ടിട പ്ലാന്‍ തയാറാക്കുകയും സുപ്പര്‍വൈസ് ചെയ്യുകയും ചെയ്യുന്ന ലൈസന്‍സി/എംപാനല്‍ഡ് എഞ്ചിനീയര്‍മാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ നല്‍കുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെര്‍മിറ്റ് ലഭിക്കും. തീരദേശ പരിപാലനനിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിര്‍മാണമെന്നും കെട്ടിട നിര്‍മാണ ചട്ടം പൂര്‍ണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയില്‍ നല്‍കണം. അപേക്ഷയില്‍ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണവും യാഥാര്‍ത്ഥവുമാണെങ്കില്‍ മാത്രമേ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ചാണ് പെര്‍മിറ്റ് നേടിയതെന്ന് തെളിഞ്ഞാല്‍ പിഴ, നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം ഉടമ സ്വന്തം ചെലവില്‍ പൊളിച്ചുനീക്കല്‍, എംപാനല്‍ഡ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നീ നടപടികള്‍ ഉണ്ടാകും. നഗരസഭകളില്‍ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.
2023 ഏപ്രില്‍ ഒന്ന് മുതല്‍ നഗരസഭകളില്‍ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെര്‍മിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂര്‍ണമായും ഒഴിവാക്കും. പെര്‍മിറ്റ് ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നുവെന്ന പരാതികളും അഴിമതിയുടെ സാധ്യതകളും ഇതോടെ ഇല്ലാതാകും. പുതിയ രീതി വഴി എന്‍ജിനീയറിങ് വിഭാഗത്തിന് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും കേന്ദ്രീകരിക്കാനും കഴിയും. പെര്‍മിറ്റ് ഫീസില്‍ യുക്തിസഹമായ വര്‍ധനവ് വരുത്തും. നിരക്ക് പിന്നീട് നിശ്ചയിക്കും. വിവിധ സംസ്ഥാനങ്ങളിലെ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കേരളത്തിലുള്ളതിന്റെ എത്രയോ ഇരട്ടിയാണ്. കേരളത്തിലാകട്ടെ, കാലാനുസൃതമായി ഇത് വര്‍ധിപ്പിച്ചിട്ടില്ല. വേഗത്തിലും സുഗമമായും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതികസംവിധാനത്തിനായി ന്യായമായ ഫീസ് ആയിരിക്കും ഈടാക്കുക. പൗരന്റെ സമയം വിലപ്പെട്ടതാണ്. നഷ്ടപ്പെടുന്ന സമയം യഥാര്‍ത്ഥത്തില്‍ സാമ്പത്തികനഷ്ടം കൂടിയാണ്. ആ അര്‍ത്ഥത്തില്‍ സാമ്പത്തികവളര്‍ച്ചക്കുള്ള അനിവാര്യ ഘടകമാണ് യഥാസമയം സേവനം ലഭിക്കുകയെന്നത്. ഈ കാഴ്ചപ്പാടോടെയാണ് ഈ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് ബോധവത്കരണം ചട്ടങ്ങള്‍ പൂര്‍ണതോതില്‍ പാലിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണം നടത്താന്‍ പൊതുജനങ്ങള്‍ക്ക് വിപുലമായ ബോധവത്കരണ പരിപാടിയും ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്. സിആര്‍സെഡ്, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയവ എവിടെയൊക്കെയാണെന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെക്കുറിച്ചുള്ള ധാരണയും ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പഠിപ്പിക്കാനുള്ള പ്രവര്‍ത്തനവും ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.