കോഴിക്കോട്: കോടഞ്ചേരിയിലെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന കയാക്കിങ് കാണാന്‍ ഉല്ലാസ യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി. ആഗസ്റ്റ് 4, 5, 6 തിയ്യതികളില്‍ നടക്കുന്ന, ഒന്‍പതാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ് കാണാനും മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനും അവസരമൊരുക്കുകയാണ് കെ എസ് ആര്‍ ടി സി. ബജറ്റ് ടൂറിസം സെല്‍ താമരശ്ശേരിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി കെ എസ് ആര്‍ ടി സി ബസ്സിലാണ് മണ്‍സൂണ്‍ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നടിത്.
4, 5, 6 തീയതികളില്‍ രണ്ട് ടൂര്‍ പാക്കേജുകളാണു സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 7.30ന് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വനപര്‍വ്വം, തുഷാരഗിരി, കയാക്കിങ് മേള നടക്കുന്ന പുലിക്കയം, അരിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 7.30ന് തിരിച്ചെത്തും. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉള്‍പ്പെടുന്ന പാക്കേജിന് ഒരാള്‍ക്ക് 750 രൂപയാണ് ഈടാക്കുന്നത്.
രാവിലെ ഏഴിന് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ യാത്ര കോഴിപ്പാറ വെള്ളച്ചാട്ടം, നായാടംപൊയില്‍ കയാക്കിങ് സെന്റര്‍, തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി ഏഴിന് കോഴിക്കോട്ട് തിരിച്ചെത്തും. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉള്‍പ്പെടുന്ന പാക്കേജിന് ഒരാള്‍ക്ക് 1150 രൂപയാണ് ഈടാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9287542601, 9287542637.