പേര അത്ര നിസാരനല്ല വേര് മുതല്‍ ഇലവരെ ഔഷധ ഗുണം

Food Health

വേര് മുതല്‍ ഇലവരെ ഔഷധമടങ്ങിയതാണ് പേര. അതുകൊണ്ട് തന്നെ പേരയെ അത്ര നിസാരനായി കാണേണ്ട. കാര്യമായ വളപ്രയോഗം ഇല്ലാതെ സമൃദ്ധമായി കായഫലം തരുന്ന മരമാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയുടെ കലവറയാണ് പേരക്ക. ഒരു സാമാന്യ വലിപ്പം ഉള്ള ഓറഞ്ചില്‍ ഉള്ളതിനെക്കാളും നാലു ഇരട്ടി വൈറ്റമിന്‍ സി പേരക്കയില്‍ ഉണ്ട്. രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ദിവസേന ഒരു പേരക്ക വീതം കഴിച്ചാല്‍ മതി. പേരക്ക മാത്രമല്ല പേരയിലയും പേരത്തണ്ടും ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

ദിവസവും ഒന്നോ രണ്ടോ പേരയുടെ തളിരില ചവയ്ക്കുന്നത് വായ്‌നാറ്റത്തിന് പരിഹാരം ആണ്. ദന്ത രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ പേരയുടെ ഇലകള്‍ ഇട്ടു തിളപ്പിച്ച വെള്ളം കുറച്ചു ഉപ്പു കൂടി ചേര്‍ത്ത് മൗത് വാഷ് ആയിട്ട് ഉപയോഗിക്കാം. ചുവപ്പു നിറം കലര്‍ന്ന പേരക്ക പതിവായി കഴിക്കുന്നത് ഹൃദയ ആരോഗ്യത്തെ മെച്ചപ്പെടുത്തും. പേരക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്ത സമ്മര്‍ദ്ദം കുറക്കാനും രക്തത്തിലെ കൊഴുപ്പ് കൂടുന്നത് തടയാനും സഹായിക്കും.

ദിവസവും തൊലി കളയാത്ത ഒന്നോ രണ്ടോ പേരക്ക കഴിച്ചാല്‍ മതി പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉണക്കി പൊടിച്ച പേരയില വെള്ളം കുടിക്കുന്നത് നല്ലതാണ്. പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ അതിസാരം പെട്ടെന്ന് കുറയും. അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്ത്രിക്കാന്‍ പേരയിലക്ക് കഴിവുണ്ട്. വയറുവേദന കുറക്കാനും പേരയിലക്കു കഴിവുണ്ട്.

പേരയിലയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ എയുടെ അഭാവം മൂലം ഉണ്ടാകുന്ന നിശാന്ധത തടയാനും പേരക്ക ധാരാളമായി കഴിച്ചാല്‍ മതി. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ പേരക്ക നിത്യവും കഴിക്കുക. പേരയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. സാലഡ് ആയോ പഴം ആയോ ജ്യൂസ് ആയോ എങ്ങനെ വേണമെങ്ങിലും പേരക്ക കഴിക്കാം. സാധാരണയായി കണ്ടുവരുന്ന പനി, ചുമ, ജലദോഷം എന്നിവയില്‍ നിന്നു രക്ഷ നേടാന്‍ ദിവസം ഒരു പേരക്ക കഴിക്കുക. ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാനും പേരക്കക്കു കഴിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *