കോഴിക്കോട് : മതത്തിന്റെ മറപിടിച്ച് ജീവനും സ്വത്തും അപഹരിക്കുന്ന ആത്മീയ വാണിഭക്കാര്‍ക്കെതിരില്‍ മുസ്‌ലിം സ്ത്രീകള്‍ ജാഗ്രവത്താവണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ വനിതാ വിഭാഗമായ എം.ജി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അന്ധവിശ്വാസം തലക്ക് പിടിച്ച് സ്വന്തം ഭാര്യയെയും കുഞ്ഞിനെയും കൊലക്ക് കൊടുത്ത് മേനി നടിച്ച് പൊതുവേദികളിലും സോഷ്യല്‍ മീഡിയയിലും പ്രചാരണം നടത്തുന്ന ആത്മീയ ചികിത്സകരെ ജയിലിലടക്കണമെന്ന് എം.ജി.എം ആവശ്യപ്പെട്ടു.
മതത്തിന്റെ പേര് പറഞ്ഞ് ചികിത്സ നിഷേധിച്ച് മന്ത്രവും ഹോമവുമായി വരുന്ന മൗലാനമാരെയും സിദ്ധന്മാരെയും തിരിച്ചറിയണം. കോവിഡ് കാലത്ത് പ്രബോധന പ്രചാരണത്തിന് ലഭ്യമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്ത് വീടകങ്ങളിലേക്ക് അന്ധവിശ്വാസ പ്രചാരണം നടത്തി മുസ്‌ലിം സ്ത്രീകളെ സാമ്പത്തിക മായും മറ്റും ചൂഷണം ചെയ്യുന്ന പുരോഹിതന്മാരുടെയും സിദ്ധന്മാരുടെയും മന്ത്രവാദ ക്കാരുടെയും എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. അന്ധവിശ്വാസ പ്രചാരകരും ആത്മീയ തട്ടിപ്പുകാരുമായ യൂട്യൂബ് മൗലാനമാരെയും സിദ്ധന്മാരെയും ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ പ്രബുദ്ധമാവണമെന്നും എം.ജി.എം ആഹ്വാനം ചെയ്തു.
അന്ധവിശ്വാസ പ്രചാരകര്‍ക്കും സിദ്ധന്മാര്‍ക്കും മന്ത്രവാദികള്‍ക്കുമെതിരെ സ്ത്രീകളെ ബോധവത്കരിക്കുന്നതിനായി സംസ്ഥാനത്ത് രണ്ടായിരത്തോളം സൗഹൃദമുറ്റം പരിപാടികള്‍ സംഘടിപ്പിക്കാന്‍ എം.ജി.എം തീരുമാനിച്ചു.
വിസി മറിയക്കുട്ടി സുല്ലമിയ്യ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സല്‍മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിടി ആയിഷ, റുക്‌സാന വാഴക്കാട്, സമീറ തിരുത്തിയാട്, സഫൂറ തിരുവണ്ണൂര്‍, എം ടി നജീബ, ഫാതിമ ചാലിക്കര, ഖദീജ കൊച്ചി, റാഫിദ ഖാലിദ്, സി.എം സനിയ്യ, മുഹ്‌സിന പത്തനാപുരം, അഫീഫ പൂനൂര്‍, ആയിഷ ഹഫീസുല്ല, സൈനബ ശറഫിയ്യ, പാത്തേയ് കുട്ടി ടീച്ചര്‍,ഹസനത്ത് പരപ്പനങ്ങാടി പ്രസംഗിച്ചു.