ഇന്ന് ലോക ക്യാന്‍സര്‍ ദിനം: പൊരുതി കീഴടക്കി വേറിട്ട മാതൃകയായി സക്കീര്‍

Health News

എ വി ഫര്‍ദിസ്

കോഴിക്കോട്: മറ്റൊരു ലോക ക്യാന്‍സര്‍ ദിനം കൂടി കടന്നുപോകവെ, പൊരുതി ഈ രോഗത്തെ കീഴടക്കിയ തിരൂര്‍ കണ്ണംകുളം സ്വദേശി മുഹമ്മദ് സക്കീര്‍, സമൂഹത്തിന് മുന്‍പില്‍ വേറിട്ട മാതൃകയാകുന്നു. ക്യാന്‍സര്‍ വന്ന ശേഷം ഇനി ജീവിതം ഇല്ല എന്നു വിചാരിച്ചിരിക്കുന്ന ഭൂരിഭാഗമാളുകളുടെ ഇടയില്‍, അതിന് ശേഷം സ്വന്തമായി െ്രെഡവിംഗ് അടക്കം പഠിച്ച്, ചികിത്സക്കും കീമോ തെറാപ്പി പോലുള്ളവ വരുത്തിയ ക്ഷീണം മാറ്റുവാന്‍ കൊടൈക്കനാലിലേക്ക് വരെ ഒറ്റക്ക് ടൂര്‍ പോകുക പോലും ചെയ്ത്, ക്യാന്‍സര്‍ എന്നു കേട്ടാല്‍ തളര്‍ന്നു പോകുന്ന രോഗികള്‍ക്കെല്ലാം ഒരു വേറിട്ട മാതൃകയാകുകയാണ് ഇദ്ദേഹം.

ക്യാന്‍സര്‍ എന്നു കേട്ടാല്‍ തളര്‍ന്നു പോകുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം മുന്നില്‍ ഇപ്പോള്‍ ആസ്റ്റര്‍ മിംസ് പോലുള്ളവര്‍ക്ക് രോഗത്തിന്റെ നിസ്സാരതയെ കാണിക്കുവാന്‍ ഉള്ള ഐക്കണാണ് ഇദ്ദേഹം. മുഹമ്മദ് സക്കീറിനെക്കൊണ്ട് തന്റെ അനുഭവം ഒരു പ്രാവശ്യം പറയിപ്പിക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്യിപ്പിക്കുക. അതോടെ രോഗികളുടെ ബന്ധുക്കള്‍ക്കടക്കം ഒരാത്മ വിശ്വാസം കൈവരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ തങ്ങളുടെ അനുഭവത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നത്.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ക്യാന്‍സര്‍ വിഭാഗം കോഴിക്കോട്ട് ഇന്നലെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുവാനെത്തിയതായിരുന്നു സക്കീര്‍.

ആശുപത്രിയും മരുന്നും ചികിത്സയുമായി മല്ലടിച്ച കഴിഞ്ഞു പോയ ഒന്‍പതു വര്‍ഷത്തിനു ശേഷം രണ്ടാഴ്ച മുന്‍പ് നടത്തിയ പെറ്റ്, എം.ആര്‍.ഐ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് പൂര്‍ണമായി ക്യാന്‍സര്‍ അകന്നുപോയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞു.. ഒരു വര്‍ഷം മുന്‍പു തന്നെ ഇദ്ദേഹം ക്യാന്‍സര്‍ വിമുക്തനായെന്ന് മനസ്സിലായെങ്കിലും വീണ്ടും കൂടുതല്‍ ശാസ്ത്രീയമായി കാര്യങ്ങള്‍ ഉറപ്പിക്കുവാനാണ് ടെസ്റ്റ് നടത്തിയത്. 2014 ലാണ് ഇദ്ദേഹത്തിന് മേഴ്‌സിനെസ് അഡനോ കാര്‍സിനോമ എന്ന ഏറെ ഗുരുതരമായ ക്യാന്‍സര്‍ രോഗമുണ്ടെന്ന് തിരിച്ചറിയുന്നത്. മൂത്രാശയത്തില്‍ നിന്ന് തുടങ്ങി മറ്റിടങ്ങളിലേക്ക് പെട്ടെന്ന് പടരുന്ന ഈ ക്യാന്‍സറിന് ചികിത്സ നടത്തിയില്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ ആ വ്യക്തിയെക്കുറിച്ച് പിന്നെ പ്രതീക്ഷയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. എന്നാല്‍ ശസ്ത്രക്രിയ നടത്തി, മൂത്രാശയ സഞ്ചി എടുത്തു മാറ്റിയാല്‍ പിന്നീട് ട്യൂബ് ഇട്ട് യൂറിന്‍ ബാഗുമായി നടക്കണമെന്ന് പറഞ്ഞതോടെ ഒരു കംഗാരുവിനെ പോലെ ശിഷ്ടകാലം ജീവിക്കുന്നതിലും നല്ലത് മരണമെന്ന് തീരുമാനിച്ച സക്കീറിനെ ഡോക്ടര്‍മാര്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്, കുടലു കൊണ്ട് മറ്റൊരു മൂത്രാശ്രയ സഞ്ചി കൃത്രിമമായി ഉണ്ടാക്കിക്കൊണ്ടായിരുന്നു. ഇപ്പോള്‍ ഒരു പതിറ്റാണ്ട് പ്രായമുളള തന്റെ ക്യാന്‍സര്‍ കാല ജീവിതവുമായി , പടപൊരുതിയ അദ്ദേഹത്തിന് യാതൊരു പ്രശ്‌നവുമില്ല.

2016ല്‍ നടന്ന ഒരു പ്രധാന ശസ്ത്രക്രിയക്കു ശേഷം കീമോതെറാപ്പി ചെയ്യാന്‍ തുടങ്ങിയതോടെയാണ് അതിന്റെ ശാരീരികാവശതയും മാനസികാഘാതവും മാറ്റുവാന്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ കാര്‍ െ്രെഡവിംഗ് പഠിക്കുന്നത്. പോളിയോ വന്ന് ചെറുപ്പത്തിലേ വലതിന് സ്വാധീനം കുറവായതിനാല്‍ ഇടത്തെ കൈക്കൊണ്ട് ആക്‌സിലേറ്ററും ഇടത്തെ കാല് കൊണ്ട് ബ്രൈക്കും ചവിട്ടാന്‍ രീതിയില്‍ മാറ്റിയാണ് കാറിനെ സക്കീര്‍ കൈപിടിയിലൊതുക്കിയത്. കാസര്‍ക്കോടും ഊട്ടി, മൈസൂര്‍, കൊടൈക്കനാല്‍ വരെ ഇങ്ങനെ തന്റെ കാറുമായി അദ്ദേഹം പറന്നിട്ടുണ്ട്. കൂടാതെ 2016ല്‍ ഒരു സുപ്രഭാതത്തില്‍ തോന്നിയ ചിന്തയില്‍ നിന്ന് കീമോ കഴിഞ്ഞ ഉടനെ സഊദിയില്‍ ഉംറക്കു വരെ പോയിട്ടുണ്ട്. ഇരുപതു ദിവസം അവിടെ കഴിഞ്ഞ ഇദ്ദേഹത്തെയും ഭാര്യയെയും സമ്മാനങ്ങള്‍ നല്കി. ആദരിച്ചാണ് പ്രവാസികള്‍ യാത്രയാക്കിയത്.

ലോകത്ത് ഇദ്ദേഹത്തെ പോലെ കൃത്രിമ മൂത്രാശയ സഞ്ചിയുമായുള്ള ക്യാന്‍സര്‍ രോഗികള്‍ വേറെയുണ്ടാകാമെങ്കിലും കേരളത്തില്‍ തന്നെപ്പോലെ അധികമാളുകളില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
മുന്‍ പഞ്ചായത്ത് മെമ്പര്‍ കൂടിയായ ഭാര്യ ഭാനുമോളും മിംസ് ക്യാന്‍സര്‍ സെന്റര്‍ തലവന്‍ ഡോ. കെ.വി.ഗംഗാധരന്‍ തുടങ്ങി രണ്ടുപേരുടെയും പിന്തുണയാണ് ക്യാന്‍സര്‍ വന്ന് മരണത്തിലേക്ക് കണ്ണ് നട്ടിരുന്ന തന്നെയും ഇപ്പോള്‍ ഇതേ പോലത്തെ ആളുകളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ പ്രചോദിപ്പിക്കുവാനുള്ള മെന്റര്‍വരെയാക്കി തന്നെ മാറ്റിയതെന്ന് കേരളാ ബാങ്ക് തിരൂര്‍ ഈവനിംഗ് ബ്രാഞ്ചിലെ അക്കൗണ്ടന്റ് കൂടിയായ ഇദ്ദേഹം പറയുന്നു. കൂടാതെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ 400 ഓളം ജീവനക്കാരും ഇദ്ദേഹത്തിന് രോഗ സമയത്ത് പിന്‍തുണയുമായെത്തിയിരുന്നു.

അങ്ങനെ ക്യാന്‍സര്‍ എന്ന രോഗം ജീവിതത്തിന്റെ അന്ത്യമാണെന്ന ധാരണ യെ സ്വന്തം ജീവിതത്തിലൂടെ തിരുത്തി കാണിച്ച ജീവിക്കുന്ന, വേറിട്ട ഉദാഹരണങ്ങളിലൊന്നു കൂടിയായി മാറുകയാണ് ഈ അന്‍പത്തൊന്നുകാരന്‍.

Leave a Reply

Your email address will not be published. Required fields are marked *