അഷറഫ് ചേരാപുരം
ദുബൈ: പണിക്കരുടെ ദുബൈയിലെ കപ്പലുകള്‍ക്ക് ഇനി പുതിയ ആലയം. പതിറ്റാണ്ടുകളായി ദുബൈയില്‍ കപ്പല്‍ നിര്‍മാണം നടത്തുന്ന മലയാളി വ്യവസായ സംരംഭകന്‍ എന്‍ എം പണിക്കരാണ് പുതിയ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. എക്‌സ്‌പേര്‍ട്ട് മറൈന്‍ ഷിപ്പിംഗ് സര്‍വീസസ് എന്ന കമ്പനിയുടെ പുതിയ ഫാക്ടറിയുടെയും കോര്‍പറേറ്റ് ഓഫീസിന്റെയും ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്നത്. കൊല്ലം ചെമ്മക്കാട് സ്വദേശിയായ എന്‍ മുരളീധര പണിക്കര്‍ക്ക് നേരത്തെ ദുബൈ ജദ്ദാഫിലായിരുന്നു സ്ഥാപനമുണ്ടായിരുന്നത്. നാലു പതിറ്റാണ്ടിലേറെക്കാലമായി അദ്ദേഹം ഈ രംഗത്തുണ്ട്. ഗള്‍ഫിലെ ആദ്യ കാല കപ്പല്‍ നിര്‍മാണമെയിന്റനന്‍സ് കമ്പനിയായിരുന്നു പണിക്കരുടേത്. ഈയിടെ ‘പണിക്കര്‍’ എന്ന പേരില്‍ 5 ലക്ഷം ഡോളര്‍ ചെലവിട്ട് സ്വന്തമായി ആഡംബര യാത്രാകപ്പല്‍ നിര്‍മ്മിച്ച് നീറ്റിലിറക്കിയ എന്‍ എം പണിക്കര്‍ പിന്നീട് അത് സഊദി സ്വദേശിക്ക് കൈമാറുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ ജീവനക്കാരാണ് ഇപ്പോള്‍ കമ്പനിക്കുള്ളത്. ലോകത്ത് എവിടെ നിന്നുമുള്ള കപ്പലുകള്‍ ഇദ്ദേഹത്തിന്റെ കമ്പനി റിപ്പയര്‍ ചെയ്യുന്നുണ്ട്.
ഹുമൈദ് ബദര്‍ ഷിപ്പിംഗ് മേധാവി മുഹമ്മദ് അലി എച്ച് ബദര്‍ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ദുബൈ മാരിടൈം സിറ്റി ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍, ബിന്‍തൂഖ് സലാഹ്, കമേഴ്ഷ്യല്‍ മാനേജര്‍ മനോജ് കുമാര്‍, ഓപ്പറേഷന്‍സ് മാനേജര്‍ ബിജു എബ്രഹാം, രാജ്കുമാര്‍ കൊച്ചുവേളി, രഞ്ജിത്ത് പാറക്കല്‍, സിമി പണിക്കര്‍, മിഥില സിജില്‍, സജിത്ത് സോമന്‍, ക്രിസ്റ്റീന മായി എന്നിവര്‍ സംബന്ധിച്ചു. എസ് എന്‍ മെഡിക്കല്‍ കോളജിന്റെ ചെയര്‍മാനും എസ് എന്‍ എന്‍ഞ്ചിനീയറിങ് കോളജിന്റെ വൈസ് ചെയര്‍മാനുമാണ് കലാകാരന്‍കൂടിയായ പണിക്കര്‍.