സിനിമ നടന്‍ ഇന്നസെന്‍റ് അന്തരിച്ചു

Kerala

കൊച്ചി: മലയാള സാംസ്‌കാരിക രംഗത്തെ ബഹുമുഖ പ്രതിഭ ഇന്നസെന്റ് അന്തരിച്ചു. 76 വയസായിരുന്നു. നടനും നിര്‍മ്മാതാവും മുന്‍ ലോക്‌സഭാ അംഗമായിരുന്നു. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ പ്രസിഡന്റായി 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രാത്രി 10.45നായിരുന്നു അന്ത്യം. ഭാര്യ ആലീസ്, മകന്‍ സോണറ്റ്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ തെക്കേത്തല വറീത് മാര്‍ഗലീത്ത ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്. 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യമായി അഭിനയിച്ച ചിത്രം. വിടപറയും മുന്‍പേ, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഓര്‍മ്മക്കായി, തിളക്കങ്ങള്‍ എന്നീ 4 ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു. പാവം ഐ എ ഐവാച്ചന്‍, കീര്‍ത്തനം എന്നീ സിനിമകള്‍ക്ക് കഥയെഴുതി. അഞ്ച് സിനിമകള്‍ക്ക് ഗാനം ആലപിച്ചിട്ടുണ്ട്. 1979ല്‍ ഇരിങ്ങാലക്കുട നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1989 ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലെ മാന്നാര്‍ മത്തായി എന്ന കഥാപാത്രത്തിലൂടെ മുന്‍നിര നായകന്മാര്‍ക്കൊപ്പം തിളങ്ങി. സത്യന്‍ അന്തിക്കാട്, സിദ്ദിഖ് ലാല്‍, പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. മികച്ച രണ്ടാമത്തെ നടനുള്ള 1989ലെ പുരസ്‌കാരം അടക്കം മൂന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. മഴവില്‍ക്കാവടിയിലെ കളരിക്കല്‍ ശങ്കരന്‍കുട്ടി മേനോന്‍, ജാതകത്തിലെ ആനയില്ലാത്ത ആനക്കാരന്‍ എന്നീ കഥാപാത്രങ്ങള്‍ക്കാണ് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

2021 ലാണ് നോണ്‍ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. തുടര്‍ന്ന് എയിംസില്‍ ഉള്‍പ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. ഇ സി എം ഒ സഹായത്തിലായിരുന്നു അദ്ദേഹമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കാന്‍സറിനെ ഇച്ഛാശക്തിയോടെ അതിജീവിച്ച് തിരിച്ചുവന്ന നടനായിരുന്നു അദ്ദേഹം. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *