കോഴിക്കോട്: വൈക്കം സത്യാഗ്രഹ പാരമ്പര്യം ഉള്‍പ്പെടെ ഹൈജാക്ക് ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ചരിത്രത്തെ വക്രീകരിക്കുന്ന ദുഷ്ട ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണമെന്നും കെ പി സി സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനാധിപത്യത്തിലെ കറുത്ത കാലത്താണ് നാം ജീവിക്കുന്നത്. അയിത്തം ബാധിച്ച മനസുകളാണ് ഇന്ത്യ ഭരിക്കുന്നത്. ജാതി കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്നു. ആദിവാസികള്‍ വേട്ടയാടപ്പെടുന്നു. മനുസ്മൃതി കാലത്തേക്ക് തിരിച്ച് നടക്കാന്‍ പറയുന്ന മനുഷ്യനാണ് രാജ്യം ഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ എന്ന ആശയം വീണുടയരുത്. ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂവെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ് കെ പി സി സി സംഘടിപ്പിക്കുന്ന മഹാസമ്മേളന വേദിയിലേക്ക് സത്യാഗ്രഹ നായകന്മാരായിരുന്ന കെ പി കേശവ മേനോന്‍, കേളപ്പജി എന്നിവരുടെ ഛായാചിത്രങ്ങള്‍ വഹിച്ചുകൊണ്ട് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ നയിക്കുന്ന ജാഥ തളി ക്ഷേത്ര പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.
ഇന്ത്യയില്‍ ആദ്യമായി സാമൂഹ്യനീതിക്ക് വേണ്ടി സംഘടിതമായ ഒരു സമരം നടന്നെങ്കില്‍ അത് വൈക്കം സത്യഗ്രഹമായിരുന്നു. നവോത്ഥാന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായ വൈക്കം സത്യാഗ്രഹം കോണ്‍ഗ്രസും ഗാന്ധിജിയും ഒരു പോലെ നേതൃത്വം നല്‍കിയ സമരമായിരുന്നു. ജനാധിപത്യം വെല്ലുവിളി നേരിടുന്ന പുതിയ കാലത്ത് ഈ സമര ചരിത്രം ആവേശമാകണമെന്ന് മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അധ്യക്ഷനായിരുന്നു. എഴുത്തുകാരായ കല്പറ്റ നാരായണന്‍, വി ആര്‍ സുധീഷ്, ജാഥാ ക്യാപ്റ്റന്‍ അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, ജാഥാംഗം കെ പി സി സി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ എ തുളസി സംസാരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം പ്രതിജ്ഞ ചൊല്ലികൊടുത്തു.
രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യ പ്രമേയം ജാഥാംഗം സോണി സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. ‘അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ചു. ജാഥാംഗങ്ങളായ അഡ്വ. പി എം നിയാസ് സ്വാഗതവും ആലിപ്പറ്റ ജമീല നന്ദിയും രേഖപ്പെടുത്തി. കെ പി സി സി മുന്‍ ജന.സെക്രട്ടറിമാരായ കെ സി അബു, എന്‍ സുബ്രഹ്മണ്യന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, എന്‍ എസ് യു ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത്, കെ രാമചന്ദ്രന്‍, അഡ്വ. എം രാജന്‍ സംബന്ധിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്മുറക്കാരെ ചടങ്ങില്‍ മുല്ലപ്പള്ളി പൊന്നാട അണിയിച്ച് ആദരിച്ചു. തറമ്മല്‍ കൃഷ്ണന്റെ മകന്‍ പീതാംബരനും വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീറും കൂത്താളി സമരത്തില്‍ പങ്കെടുത്ത കേളപ്പന്‍ മാസ്റ്ററുടെ ചെറുമകന്‍ ശ്രീജിത്തും ആദരം ഏറ്റുവാങ്ങി.