അഷറഫ് ചേരാപുരം
ദുബൈ: ബഹിരാകാശത്തു നിന്നൊരു നോമ്പുസന്ദേശം. ഇത്തവണത്തെ റമദാന് യു.എ.ഇക്കും അറബ് ലോകത്തിനും ഒരു വിശിഷ്ട നോമ്പുകാരനുണ്ട് ആയിരമായിരം കാതങ്ങള്‍ക്കകലേ അങ്ങ് ബഹിരാകാശത്ത് നിന്നും നോമ്പെടുക്കുന്ന സുല്‍ത്താന്‍ അല്‍ നയാദി. അന്താരാഷ്ട്ര സ്‌പേസ് സ്‌റ്റേഷനില്‍ നിന്നും കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ നാട്ടുകാര്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നു. ”എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍. ഈ മാസത്തില്‍ എല്ലാവര്‍ക്കും അനുഗ്രഹം ലഭിക്കട്ടെ.” നയാദി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. ഭൂമിക്ക് പുറത്ത് ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിനു പോകുന്ന ആദ്യ ഇമാറാത്തിയാണ് സുല്‍ത്താന്‍ അല്‍നയാദി. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസ ദൗത്യത്തിനിടെ ആറംഗ സംഘം നടത്തുന്ന 200ലധികം ഗവേഷണ പരീക്ഷണങ്ങളില്‍ 20 പരീക്ഷണങ്ങളെങ്കിലും അദ്ദേഹം വ്യക്തിപരമായി നടത്തും. ബഹിരാകാശ നടത്തം ഉള്‍പ്പെടെയുള്ള മറ്റ് ദൗത്യങ്ങളില്‍ പങ്കാളികളാവുകയും ചെയ്യും.

ബഹിരാകാശ പര്യവേഷണത്തില്‍ ചരിത്രപരമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് യു.എ.ഇ. അടുത്ത മാസം അവസാനത്തോടെ, ആദ്യ ഇമാറാത്തി ചാന്ദ്ര ദൗത്യമായ റാഷിദ് റോവര്‍ ചന്ദ്രന്റെ തെക്കുകിഴക്കന്‍ ഉപരിതലത്തിലെ സീ ഓഫ് കോള്‍ഡ് എന്നു വിളിക്കപ്പെടുന്ന പ്രദേശത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനിക ദുബൈയുടെ ശില്‍പ്പിയായ ശൈഖ് റാഷിദ് ബിന്‍ സായിദ് അല്‍ മക്തൂമിന്റെ പേരിലുള്ള നാല് ചക്രങ്ങളുള്ള റാഷിദ് റോവര്‍ ചന്ദ്രന്റെ ചുറ്റുപാടുകളെ കുറിച്ച് ഗവേഷണം നടത്തും.