നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
അഷറഫ് ചേരാപുരം
ദുബൈ: സുല്‍ത്താന്‍ നിയാദി ആകാശലോകത്ത് അറബികളുടെ സുല്‍ത്താനാവുന്നു. യു എ ഇയില്‍ നിന്നും ബഹിരാകാശ ദൗത്യത്തിനായി ആദ്യമായി തെരഞ്ഞെടുത്ത സഞ്ചാരികളില്‍ ഒരാളാണ് സുല്‍ത്താന്‍ അല്‍ നിയാദിയെന്ന നാല്പത്തിരണ്ടുകാരന്‍.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിയാദി അന്തിമ പരിശീലനം പൂര്‍ത്തിയാക്കിയ വിവരം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. യു എസിലെ സ്‌പേസ് എക്‌സിലായിരുന്നു നിയാദിയുടെയും സംഘത്തിന്റെയും പരിശീലനം. നാലായിരത്തോളം ഇമാറാത്തികളില്‍ നിന്നാണ് നിയാദിയെ ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുത്തത്. ഇനി ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ക്രൂ 6 പേടകത്തില്‍ നിയാദിയും സംഘത്തിവും കുതിക്കും.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവിടാനാണ് പദ്ധതി. പരിശ്രമം വിജയിച്ചാല്‍ ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമായി യു എ ഇ മാറും. 2019 സെപ്റ്റംബറിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യു എ ഇയുടെ ആദ്യ ദൗത്യം. അന്ന് യു എ ഇയുടെ പ്രഥമ ബഹിരാകാശ യാത്രികനായ ഹസ്സ അന്‍ മന്‍സൂരി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
റഷ്യന്‍ കമാന്‍ഡര്‍ അലക്‌സി ഒവ്ചിനിന്‍, അമേരിക്കയുടെ നിക് ഹേഗ് എന്നിവര്‍ക്കൊപ്പമാണ് ഹസ്സ എട്ടുദിന ദൗത്യത്തിന് ശേഷം മടങ്ങിയെത്തിയത്. യു എ ഇയുടെ ചാന്ദ്രദൗത്യം വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് അടുത്ത ബഹിരാകാശ യാത്രയ്ക്കായി സുല്‍ത്താന്‍ നിയാദി തയാറാവുന്നത്.
ഫെബ്രുവരി മധ്യത്തോടെയാണ് യാത്രയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ റഷ്യയുടെ സഞ്ചാരികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ അതു കഴിഞ്ഞാവും യു എ ഇയുടെ ദൗത്യമെന്നാണ് പുതിയ വിവരം. റഷ്യയുടെ രണ്ടും അമേരിക്കയുടെ ഒരു സഞ്ചാരിയുമടങ്ങിയ സംഘത്തിന് സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഭൂമിയിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞിട്ടില്ല. ഫെബ്രുവരിയില്‍ ഇവരെ തിരികെ എത്തിക്കാനുള്ള ദൗത്യം റഷ്യ നടത്തുന്നുണ്ട്.