നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
അഷറഫ് ചേരാപുരം
ദുബൈ: മൂന്നുപതിറ്റാണ്ടിനു ശേഷം മശിരിഖിന്റെ പടികളിറങ്ങുകയാണ് ബക്കറലി. യു എ ഇ ബാങ്കുകളുടെ നിയമകാര്യ വിഭാഗത്തില്‍ നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ് എറണാകുളം സ്വദേശിയായ അഡ്വ.എ ബക്കറലി. യു എ ഇയിലെ മശിരിഖ് ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും ഈ മലയാളിപടിയിറങ്ങുമ്പോള്‍ ഒരേ സ്ഥാപനത്തില്‍ നീണ്ട 30 വര്‍ഷത്തെ സേവനത്തിന്റെ ചരിത്രമാണ് കുറിക്കുന്നത്.
1993ലാണ് യു എ ഇ ബാങ്കുകളുടെ നിയമപോദേശകനായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറുന്നത്. മാത്രമല്ല, അറബിയല്ലാത്ത ആദ്യ അഭിഭാഷകന്‍ കൂടിയാണ് ബക്കറലി. ബാങ്കിങ് മേഖലയിലെ നിരവധി മാറ്റങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായി. ഇമെയിലും ഇന്റര്‍നെറ്റും മറ്റ് ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്താണ് അദ്ദേഹം ജോലി ആരംഭിച്ചത്.
ലോകസമ്പത് വ്യവസ്ഥയുടെ ബഹിര്‍സഫുരണമായ യു എ ഇയില്‍ പ്രമുഖ മള്‍ട്ടി നാഷണല്‍ ബാങ്കിനൊപ്പം അദ്ദേഹം നീണ്ടനാളുകള്‍ സേവനം ചെയ്തു. യു എ ഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍കൂടിയാണ് ഈ അഭിഭാഷകന്‍. യു എ ഇയിലും നാട്ടിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയരക്ടറാണ്. കേരളത്തിലെ കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫ് യു.എ.ഇയുടെ വൈസ് ചെയര്‍മാനാണ്. ബാങ്കില്‍ നിന്ന് വിരമിച്ച ശേഷം യു എ ഇ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തന പരിചയം മുതല്‍കൂട്ടാക്കി നിയമരംഗത്ത് തന്നെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.