ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് സ്‌നേഹത്തിന് പ്രാമുഖ്യം നല്‍കണം; അറഫയുടെ സന്ദേശം

Gulf News GCC

മക്ക: ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് സ്‌നേഹത്തിന് പ്രാമുഖ്യം നല്‍കണമെന്ന് സന്ദേശവുമായി അറഫ പ്രസംഗം. മസ്ജിനു നമിറയിലെ അറഫ ഖുത്തുബയില്‍ ശൈഖ് യൂസുഫ് ബിന്‍ സഈദാണ് വിശ്വാസികള്‍ക്ക് ഈ സന്ദേശം നല്‍കിയത്. ഭാഷയുടേയും നിറങ്ങളുടേയും വംശങ്ങളുടേയും വൈവിധ്യം സംഘര്‍ഷത്തിന്റെയും ഭിന്നതയുടേയും ന്യായീകരണമല്ലെന്നും അത് പ്രപഞ്ചത്തിലെ ദൈവദൃഷ്ടാന്തമാണെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ ശ്രമങ്ങള്‍ പരാജയപ്പെടും. മതത്തിന്റെയും ലോകത്തിന്റെയും നമ്മയിലൂന്നിയുള്ള ഐക്യമാണ് ആവശ്യമെന്നും അദ്ദേഹം തന്റെ അറഫയിലെ പ്രസംഗത്തില്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

നന്മകള്‍ സാക്ഷാത്ക്കരിക്കപ്പെടുകയും തിന്മകള്‍ ഇല്ലാതാക്കപ്പെടുകയും ചെയ്യണം. അതിലൂടെ ഭക്തിയും സഹവര്‍ത്തിത്വവും നേടണം. ഭക്തിയിലൂന്നിയ ജീവിതം നയിക്കുകയും അല്ലാഹു നിരോധിച്ചതിനെ വെടിഞ്ഞും കല്പിച്ചതിനെ അനുസരിച്ചും ജീവിക്കണമെന്നും എങ്കില്‍ മാത്രമേ ഇഹലോകത്തും പരലോകത്തും വിജയിക്കുകയുള്ളുവെന്നും ശൈഖ് യൂസുഫ് പറഞ്ഞു.

ഒരു വിഷയത്തില്‍ തര്‍ക്കം ഉടലെടുത്താല്‍ ഖുര്‍ആനിലേക്കും വിശുദ്ധ നബിചര്യയിലേക്കും നിങ്ങള്‍ മടങ്ങണം. ഐക്യം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള കിംവദന്തികള്‍ക്കും ഗോസിപ്പുകള്‍ക്കും പിന്നില്‍ സഞ്ചരിക്കുന്നത് ശരീഅത്ത് വിലക്കിയിട്ടുണ്ട്. നിങ്ങള്‍ നന്മ ചെയ്തവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ആരെങ്കിലും നിങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്താല്‍ അവന് പ്രതിഫലം നല്‍കുകയും വേണം. നിങ്ങള്‍ അവനെ കണ്ടെത്തിയില്ലെങ്കില്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുക എന്ന് ഹദീസിലുണ്ടെന്നും ഇമാം ഓര്‍മ്മിപ്പിച്ചു.