എ കെ ആന്‍റണിയുടെ മകന്‍ എന്നതല്ലാതെ അനിലിന് എന്ത് യോഗ്യത: കെ കെ അബ്രഹാം

Wayanad

കല്പറ്റ: എ കെ ആന്റണിയുടെ മകന്‍ എന്നതല്ലാതെ എന്ത് യോഗ്യതയാണ് അനില്‍ ആന്റണിക്കുള്ളതെന്ന് കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം ചോദിച്ചു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഷ്ട്രീയ ഫാസിസത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരെ നിരന്തരം പോരാടുമ്പോള്‍ അതിലൊന്നും അനില്‍ ആന്റണിയുടെ പേര് കാണില്ല.

ദേശീയതയും മതേതരത്വവും തിരിച്ചു പിടിയ്ക്കാന്‍ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേയ്ക്ക് വെയിലും മഴയും മഞ്ഞും കൊണ്ട് ത്യാഗനിര്‍ഭരമായ യാത്ര ചെയ്ത് സംഘപരിവാര്‍ വാരിവിതറിയ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ചേര്‍ത്തു നിര്‍ത്തലിന്റെയും ഊഷ്മളമായ പ്രത്യയ ശാസ്ത്രം ലോകത്തിന് പകര്‍ന്നു നല്കിയപ്പോള്‍ വഴിയരികില്‍ പോലും അനില്‍ ആന്റണി ഉണ്ടായിരുന്നില്ല.

സംഘ്പരിവാറും നരേന്ദ്ര മോദിയും ചേര്‍ന്ന് ഒരു മനുഷ്യനെ വിദ്വേഷത്തിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറന്ന് ഒരു ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്കിയ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും കിടപ്പാടത്തില്‍ നിന്നും കുടിയൊഴിപ്പിച്ചപ്പോഴും എം പി ഓഫിസിലെ, ടെലഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിഛേദിച്ച് അപമാനിച്ചപ്പോഴും ഇയാള്‍ പുതിയ രാഷ്ട്രീയ യജമാനന്മാരെ സുഖിപ്പിക്കുകയായിരുന്നുവെന്നും കെ കെ അബ്രഹാം കുറ്റപ്പെടുത്തി. ഗ്രഹണകാലത്ത് ഞാഞ്ഞൂലുകള്‍ തലപൊക്കുക സ്വഭാവികമാണെന്നും അതിനപ്പുറത്തൊന്നുമില്ല അനില്‍ താങ്കളുടെ ഈ കൂടു മാറ്റത്തിലെന്നും കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *