കൊച്ചി: തന്റെ രചനയിലൂടെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മലയാള സിനിമയുടെ അഭിമാനം എസ് എന്‍ സ്വാമിയുടെ സംവിധാന അരങ്ങേറ്റത്തിന് തുടക്കമായി. സിനിമാ ഇന്‍ഡസ്ട്രിയുടെ എല്ലാ മേഖലകളിലെയും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങായി മാറുകയായിരുന്നു സിനിമയുടെ പൂജാ വേദി.
മറ്റു സിനിമാ പൂജകളില്‍ നിന്ന് വ്യത്യസ്തമായി പഴയകാലത്തെ സിനിമകളില്‍ മാത്രം ചെയ്തുവന്ന ലൈവ് ഓര്‍ക്കസ്‌ട്രേഷന്‍ സെക്ഷന്‍ ഒരുക്കിയാണ് അദ്ദേഹം തന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പ്രശസ്ത സംവിധായകന്‍മാരായ ജോഷി, ഷാജി കൈലാസ്, കമല്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ സംവിധായകര്‍ ഉള്‍പ്പെടെ നിരവധി അഭിനേതാക്കളും സിനിമയിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങ് വിഷു ദിനത്തില്‍ എറണാകുളം ടൗണ്‍ ഹാളിലാണ് നടന്നത്.
ചടങ്ങില്‍ എസ് എന്‍ സ്വാമിയെ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മയുടെയും പ്രതിനിധികള്‍ ചേര്‍ന്ന് വിഷു കൈനീട്ടം നല്‍കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. സിനിമയിലെ പ്രഗത്ഭരോടൊപ്പം ചേര്‍ന്ന് ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ സിനിമയോടൊപ്പം ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന എസ് എന്‍ സ്വാമിയുടെ ആദ്യ സംവിധാന ചിത്രത്തിന് എല്ലാ വിശിഷ്ട വ്യക്തികളും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.
എസ് എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ഗ്രിഗറി, കലേഷ്, അപര്‍ണാ ദാസ്, ആര്‍ദ്രാ എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ലക്ഷ്മി പാര്‍വതി വിഷന്‍സിന്റെ ബാനറില്‍ രാജേന്ദ്രപ്രസാദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ് ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ഡി ഓ പി ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റര്‍ ടി. ബാബുരാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.