വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുള്ളവര്‍ പണം അയക്കുന്നതിലും സ്വീകരിക്കുന്നതിലും ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. ഇത്തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ മാത്രം പണി കിട്ടിയത് 2500ഓളം പേര്‍ക്കാണ്. കേരളത്തില്‍ മാത്രം ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് ഇത്രത്തോളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുള്ളത്. മരവിപ്പിക്കപ്പെട്ടതില് അധികവും ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളാണ് എന്നാണെന്നാണ് ലഭ്യമാകുന്ന വിവരം.
അപ്രതീക്ഷിതമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുമ്പോള്‍ ഏറെ പേരും പ്രയാസത്തിലാകുകയും ചെയ്യും. അതുകൊണ്ട് തന്നെ പെട്ടുപോകുന്ന അവസ്ഥ സംജാതമാകാതിരിക്കാന്‍ അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
അക്കൗണ്ടുകള്‍ സുരക്ഷിതം ആക്കി നിര്‍ത്തുകയാണ് മരവിപ്പിക്കപ്പെടാതിരിക്കാന് ഏറ്റവും നല്ല മാര്‍ഗ്ഗം. അക്കൗണ്ട് മരവിപ്പിക്കാന്‍ മുഖ്യ കാരണം നമ്മുടെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തു എന്ന് പരാതി വരികയാണ്. ഇത്തരത്തില്‍ പരാതി കിട്ടിയാല്‍ താല്‍ക്കാലികമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കൂടുതല്‍ സേഫ് ആക്കാന്‍ മരവിപ്പിച്ച് എന്ന് വരാം. അതിനാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേഡുകളും സുരക്ഷിതം ആയി സൂക്ഷിക്കുകാണ് ചെയ്യേണ്ടത്.
മുന്‍ പരിചയം ഇല്ലാത്ത അക്കൗണ്ടുകളില്‍ നിന്നും പണം സ്വീകരിക്കല്‍ അക്കൗണ്ട് മരവിപ്പിക്കാന്‍ കാരണമായേക്കും. നിങ്ങളുടെ അക്കൗണ്ടിലേക്ക് മറ്റുള്ള ആരുടെയെങ്കിലും അക്കൗണ്ടില്‍ നിന്നും പണം അനധികൃതമായി ട്രാന്‍സഫര്‍ ചെയ്തുവെന്ന് ബോധ്യമായാലോ പരാതി വന്നാലോ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീഴുമെന്നുറപ്പാണ്. ഇതൊഴിവാക്കാന്‍ ഉറവിടം അറിയാത്ത പണവും അപരിചിതമായ ട്രാന്‍സഫറിനും നമ്മുടെ അക്കൗണ്ട് ഉപയോഗിക്കരുത്. തട്ടിപ്പുകാര്‍ തുക സുരക്ഷിതമാക്കാന്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുകയോ ചെയ്യാറുണ്ട്. എന്നാല്‍ അതിന്റെ വിവരങ്ങള്‍ കണ്ടെത്തി പൊലീസ് ആ അക്കൗണ്ടുകളും മരവിപ്പിക്കും.
യു പി ഐ വഴി മാത്രമല്ല, നെഫ്റ്റ്, ആര് ടി ജി എസ്, അക്കൗണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുമുള്ള ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കപ്പെട്ടിട്ടുണ്ട്. മറ്റൊന്ന് ക്രിപ്റ്റോ ഇടപാടുകള്‍ നടത്താന്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുകയും പണം കൈമാറ്റം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്താലും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കാം.
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലുമായി ബന്ധപ്പെട്ട് ഫെഡറല്‍ ബാങ്ക് പത്ര കുറിപ്പ് ഇറക്കിയിട്ടുണ്ട്. അതില്‍ പറയുന്നത് തെറ്റായ ബാങ്കിങ്ങ് ഇടപാട്, അനധികൃതമായ ട്രാന്‍സ്ഫറും നിക്ഷേപം സ്വീകരിക്കലും ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് ചൂണ്ടിക്കാട്ടിയാല്‍ അത്തരം അക്കൗണ്ടുകള്‍ക്കെതിരേയാണ് മരവിപ്പിക്കല്‍ എന്നാണ്. പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഏതൊരു ബാങ്ക് അക്കൗണ്ടും മരവിപ്പിക്കും എന്നും ഞങ്ങള്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും ഫെഡറല്‍ ബാങ്ക് പറയുന്നു.
മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ അക്കൗണ്ട് ഉടമയ്ക്ക് തിരിച്ച് കിട്ടുന്നതിന് തിരിച്ചറിയല്‍ രേഖകള്‍, തങ്ങളുടെ അക്കൗണ്ടില്‍ പണം വന്നത് എന്ത് ആവശ്യത്തിനാണെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ എന്നിവ സഹിതം പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണം. ഇത് പലപ്പോഴും മറ്റുസംസ്ഥാനങ്ങളിലായതിനാല് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവര്‍ ദുരിതത്തിലാവും. ഇത് തങ്ങളുടെ പൊലീസ് സ്റ്റേഷനില്‍ത്തന്നെ ബോധ്യപ്പെടുത്താനുള്ള സംവിധാനം കൊണ്ടുവന്നാലേ സുതാര്യമാകൂ. കാരണം കൊച്ചിയില്‍ ഉള്ള ഒരു ബാക് അക്കൗണ്ട് മരവിപ്പിക്കാന്‍ നിര്‍ദ്ദേശം വരുന്നത് കാശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ നിന്നും ആണെങ്കില്‍ ബാങ്ക് അക്കൗണ്ട് ഉടമ നിലവിലെ സാഹചര്യത്തില്‍ കാശ്മീരിലേ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കേണ്ടി വരും. ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്.